ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി സ്വർണമെഡൽ നേടി ചരിത്രം കുറിച്ച പി.വി. സിന്ധുവിന് പിന്നാലെ ഇന്ത്യയ്ക്ക് അഭിമാനമായി പാരാ ബാഡ്മിന്റൺ താരമായ മാനസി ജോഷിയും. പരിമിതികളെ അതിജീവിച്ച് തന്റെ കരിയറിലെ ആദ്യ സ്വർണമെഡൽ മാനസി നേടി. പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ ലോകചാമ്പ്യനായിട്ടുള്ള ഇന്ത്യയുടെ തന്നെ പരുൾ പാർമറിനെ തോൽപ്പിച്ചാണ് മാനസി എസ്.എൽ 3 വിഭാഗത്തിലെ ലോക ചാമ്പ്യൻപട്ടം നേടിയത്. എസ്.എൽ 3 വിഭാഗത്തിൽ കളിക്കുന്നവരുടെ ഒന്നോ അല്ലെങ്കിൽ രണ്ടോ കൈകാലുകളുടെ താഴേക്ക് വൈകല്യം ഉണ്ടായിരിക്കും. നടക്കാനും ഓടാനും പൊതുവെ ബുദ്ധിമുട്ടുള്ളവരായിരിക്കും ഇവർ. ഈ വർഷം ഇത് മൂന്നാം തവണയാണ് മാനസി പാർമറിനെ നേരിടുന്നത്. രണ്ടു തവണയും വിജയം പാർമറിനായിരുന്നു.
ആ അപകടം..
ആറാം വയസുമുതൽ മാനസിയുടെ കൂടെയുണ്ട് ബാഡ്മിന്റൺ. പിതാവ് ഗിരീഷ് ജോഷിയാണ് മാനസിക്ക് ബാഡ്മിന്റണിന്റെ ലോകത്തേക്ക് വാതിൽ തുറന്ന് കൊടുത്തത്. അദ്ദേഹം ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ മാനസി ഒരു സ്വകാര്യ കമ്പനിയിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. 2011ൽ റോഡ് അപകടത്തിലാണ് മാനസിക്ക് ഒരു കാൽ നഷ്‌ടമാകുന്നത്. മാനസി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ട്രക്കിലിടിക്കുകയായിരുന്നു. പരിക്കുകളോടെ ദിവസങ്ങളോളം മാനസി ഓപ്പറേഷൻ തിയറ്ററിൽ ജീവന് വേണ്ടി മല്ലടിച്ചു. ഒടുവിൽ മാനസിയുടെ ഇടതു കാൽ മുറിച്ചുമാറ്റേണ്ടിവന്നു.
വിധിയെ തോൽപ്പിച്ച്..
2012ൽ കൃത്രിമ കാലിന്റെ സഹായത്തോടെ മാനസി വീണ്ടും നടക്കാൻ തുടങ്ങി. ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാഡമിയിൽ ചേർന്ന മാനസി ഒരു പാരാ ബാഡ്മിന്റൺ താരമായി വളരാൻ തുടങ്ങി. കമ്പനിതലത്തിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച മാനസി സ്വർണ മെഡലിന് അർഹയായി. മാനസിയുടെ അതുല്യമായ ജീവിതയാത്രയുടെ ഒരു തുടക്കം മാത്രമായിരുന്നു അത്. 2014ൽ പാരാ ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. അന്നേ വർഷം തന്നെ മാനസി തന്റെ ആദ്യത്തെ ദേശീയതല ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുത്തു. അന്ന് വെള്ളി മെഡൽ നേടാനായി. 2015ൽ സ്‌പാനിഷ് പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്ത് എത്താനായി. ടൂർണമെന്റിനിടെ കണ്ടുമുട്ടിയ രാകേഷ് പാണ്ഡെയുമായി ചേർന്ന് മിക്‌സഡ് ഡബിൾസിൽ മുൻ ലോക ചാമ്പ്യൻമാരെ മാനസി നേരിട്ടു.
എസ്.എൽ 3 സിംഗിൾസ് വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരമാണ് മാനസി. 2020 പാരാലിമ്പിക്‌സിന് ഇനി ഒരു വർഷം മാത്രം ശേഷിക്കെ തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് മനക്കരുത്തോടെ കുതിച്ചുയരാൻ തയാറെടുക്കുകയാണ്.
2015 പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ് - വെള്ളി, മിക്‌സഡ് ഡബിൾസ്
2016 പാരാ ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ് - വെങ്കലം വിമൺസ് സിംഗിൾസ്, വിമൺസ് ഡബിൾസ്
2017 പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ് സൗത്ത് കൊറിയ - വെങ്കലം, വിമൺസ് സിംഗിൾസ്
2018 തായ്ലൻഡ് പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ - വെങ്കലം, വിമൺസ് സിംഗിൾസ്
2018 ഏഷ്യൻ പാരാ ഗെയിംസ് - വെങ്കലം, വിമൺസ് സിംഗിൾസ്
2019 പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ് സ്വിസർലാൻഡ് - സ്വർണം, വിമൺസ് സിംഗിൾസ്