തലവേദനയ്ക്ക് തലവെട്ടിക്കളയുന്നതു പോലെയുള്ള മണ്ടൻ ചികിത്സാവിധിയാണ് എ.ടി.എം കൊള്ള തടയാൻ ബാങ്കുകൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അർദ്ധരാത്രി മുതൽ പുലരും വരെയുള്ള സമയത്ത് എ.ടി.എം പ്രവർത്തനരഹിതമാക്കി വച്ചാൽ കൊള്ള തടയാനാവുമെന്നാണ് കണ്ടെത്തൽ. രാത്രി പന്ത്രണ്ടിനും പുലർച്ചെ ആറിനുമിടയ്ക്ക് ഇത് പരീക്ഷിക്കാനാണ് നീക്കം.
എ.ടി.എം തട്ടിപ്പുകൾ പാതിരാത്രികളിലാണ് അധികവും നടക്കുന്നത്. അത് കണക്കിലെടുത്താണ് ഇൗ സമയത്ത് എ.ടി.എം അടച്ചുപൂട്ടി കള്ളന്മാരെ ഉൗശിയാക്കാമെന്ന ആലോചന. ബാങ്കിംഗ് സേവനം സമയകാല വ്യത്യാസമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് എ.ടി.എം സംവിധാനം നിലവിൽ വന്നത്. മുക്കിലും മൂലയിലും വരെ എ.ടി.എമ്മുകൾ നിരന്നതോടെ ഇടപാടുകാർക്ക് ബാങ്കിൽ പോകേണ്ട സാഹചര്യം തന്നെ ഇല്ലാതായെന്നു പറയാം. എ.ടി.എമ്മിനൊപ്പം നെറ്റ് ബാങ്കിംഗ് പോലുള്ള അത്യാധുനിക സംവിധാനങ്ങൾ കൂടിയായതോടെ ഇടപാടുകാരും ബാങ്കും തമ്മിൽ നേരിട്ട് ഇടപെടേണ്ട അവസരങ്ങൾ നന്നേ കുറയുകയും ചെയ്തു. ഏത് പുതിയ സംവിധാനങ്ങൾക്കും ചില പിഴവുകൾ ഉണ്ടാവുക സ്വാഭാവികമാണ്.എ.ടി.എം വഴിയുള്ള പണം തട്ടിപ്പുകൾ അത്തരത്തിലുള്ളതാണ്. അങ്ങിങ്ങ് തട്ടിപ്പുകൾ നടക്കുന്നുവെന്നുവച്ച് എ.ടി.എം ഇടപാടുകൾ നിയന്ത്രിക്കാനുള്ള നീക്കം ഫലത്തിൽ ബാങ്ക് ഇടപാടുകാരോട് ചെയ്യുന്ന അനീതിയാകും. തട്ടിപ്പു തടയാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതിന് പകരം എ.ടി.എമ്മിന് സമയപരിധി നിശ്ചയിക്കുന്നത് സേവന നിഷേധമായേ കണക്കാക്കാനാവൂ. ബാങ്കേഴ്സ് സമിതി യോഗം ചേർന്ന് ചർച്ചകൾക്കു ശേഷമാണ് എ.ടി.എം പ്രവർത്തനത്തിന് ഇടവേള നിശ്ചയിക്കാൻ നിർദ്ദേശം വച്ചത്.
എ.ടി.എം തട്ടിപ്പുവഴി ബാങ്കുകൾക്ക് ഒരുവർഷം എത്രകോടി രൂപയുടെ നഷ്ടമുണ്ടായി എന്നതിന്റെ കൃത്യമായ കണക്ക് പുറത്തുവന്നതായി അറിവില്ല. ബാങ്കുകളെക്കാൾ ഇടപാടുകാർക്കാകും കൂടുതൽ നഷ്ടമുണ്ടായിട്ടുള്ളതെന്ന് വേണം കരുതാൻ. കാരണം എ.ടി.എം വഴി നഷ്ടപ്പെടുന്ന പണത്തിന്റെ അധിക പങ്കും ബാങ്കുകൾ മടക്കി നൽകാറില്ലെന്നതാണ് പലരുടെയും അനുഭവം. എ.ടി.എം ഇടപാടുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകളാണ് കള്ളന്മാർക്ക് സഹായകമാകുന്നത്. സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കിയാൽത്തന്നെ നല്ലൊരളവിൽ തട്ടിപ്പുകൾ തടയാനാകും. വ്യക്തികളിൽ നിന്ന് കാർഡ് അപഹരിച്ചോ രഹസ്യ നമ്പർ മനസിലാക്കിയോ ആണ് കൂടുതൽ തട്ടിപ്പുകളും നടക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കൊള്ളസംഘങ്ങൾ പലവിധ സൂത്രവിദ്യകളുടെയും സഹായത്തോടെ തട്ടിപ്പുകൾ നടത്താറുണ്ട്. ഇടപാടുകാരുടെ അശ്രദ്ധയും കരുതലില്ലാത്ത പൊരുമാറ്റവും എ.ടി.എം കള്ളന്മാർക്ക് എപ്പോഴും തുണയാകാറുണ്ട്. കാർഡും പിൻനമ്പരും ഒരു കാരണവശാലും ആർക്കും കൈമാറരുതെന്ന് ബാങ്കുകൾ നിരന്തരം ഒാർമ്മിപ്പിക്കാറുണ്ടെങ്കിലും അജ്ഞാത ഫോൺകാളുകളിൽ കുടുങ്ങി പലരും അതെല്ലാം കൈമാറാറുണ്ട്. പണം നഷ്ടപ്പെടുമ്പോഴായിരിക്കും കബളിപ്പിക്കൽ തിരിച്ചറിയുക. എ.ടി.എം തട്ടിപ്പുതടയാൻ ബാങ്കേഴ്സ് സമിതിയോഗം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതായി കാണുന്നു. ബാങ്കുകൾ നൽകുന്ന ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് ലിങ്ക് ചെയ്താൽ തട്ടിപ്പു തടയാൻ കഴിയുമത്രെ. നിലവിൽ ചിലബാങ്കുകൾ ഇൗ ഉപാധി പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. എ.ടി.എമ്മുകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇപ്പോൾ പല എ.ടി.എമ്മുകളിലും നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനരഹിതമാണ്. എ.ടി.എമ്മുകളിൽ കയറുന്ന ഇടപാടുകാരെ കായികമായി ഉപദ്രവിച്ച് കാർഡ് കൈക്കലാക്കി പണം തട്ടുന്ന വിരുതന്മാരുണ്ട്. എ.ടി.എമ്മുകളിൽ കൊലപാതകങ്ങൾ പോലും നടന്നിട്ടുണ്ട്. ബംഗളുരുവിൽ മലയാളിയായ വനിതാ ബാങ്ക് മാനേജർ ക്രൂരമായ ആക്രമണത്തിനിരയായ സംഭവം നടന്നപ്പോൾ എ.ടി. എമ്മുകളിൽ സായുധ കാവൽ ഏർപ്പെടുത്തണമെന്ന ശക്തമായ ആവശ്യം ദേശീയ തലത്തിൽത്തന്നെ ഉയർന്നതാണ്. എന്നാൽ ചെലവ് അധികമാകുമെന്ന് പറഞ്ഞ് ബാങ്കുകൾ ഇൗ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.
ബാങ്കുകളെ പാപ്പരാക്കും വിധത്തിൽ എ.ടി.എം കൊള്ളയൊന്നും നടക്കുന്നില്ല. കിട്ടാക്കടത്തിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോൾ എ.ടി.എം വഴി ചോരുന്നത് തീരെ തുച്ഛമാണ്. വമ്പൻ വ്യവസായികളും ബിസിനസുകാരും ഒാരോ വർഷവും ബാങ്കുകളെ കബളിപ്പിക്കുന്ന തുകയുടെ വലിപ്പം കണ്ടാൽ ഏത് കള്ളനും ബോധക്കേടുണ്ടാകും.
കള്ളന്മാരെ പേടിച്ച് എ.ടി.എമ്മിന് പൂട്ടിടാൻ ആലോചിക്കുന്ന ബാങ്കുകൾ ഇടപാടുകാരോട് വിശ്വാസവഞ്ചന കാട്ടാനാണ് ഒരുങ്ങുന്നത്. രാത്രികാലങ്ങളിലും പണത്തിന് ആവശ്യം നേരിടുന്നവർ ധാരാളമുണ്ട്. അത്തരക്കാരോട് പുലരുംവരെ കാത്തിരിക്കാൻ ആവശ്യപ്പെടുന്നത് മര്യാദയല്ല. എ.ടി.എം കൊള്ള തടയാനുള്ള ഫലപ്രദമായ ശാസ്ത്രീയ മാർഗങ്ങളാണ് ബാങ്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടത്. ആധുനിക സാങ്കേതിക വിദ്യയുടെ അപാര വളർച്ച ഇതിനുള്ള വഴികൾ പറഞ്ഞുതരും. എലിയെ പേടിച്ച് ഇല്ലം ചുടാനൊരുങ്ങാതെ എ.ടി.എം സംവിധാനം കൂടുതൽ സുരക്ഷിതമാക്കി ഇടപാടുകാരെ സഹായിക്കാനുള്ള വഴിതേടുകയാണ് വേണ്ടത്.