തിരുവനന്തപുരം: മൾട്ടിപ്ളക്സുകളിൽ പോപ്പ്കോണിനും ബർഗറിനുമൊക്കെ കൂടിയവില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ലീഗൽ മെട്രോളജി ആസ്ഥാന കാര്യാലയത്തിന്റെയും ലബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൻകിട സ്ഥാപനങ്ങളിലേക്കും ലീഗൽ മെട്രോളജി വിഭാഗത്തിന്റെ കണ്ണെത്തണം. ചെറുകിട സ്ഥാപനങ്ങൾ മാത്രം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ തൂക്കം അനുസരിച്ചാണ് മരുന്നിന്റെ അളവു നിശ്ചയിക്കുന്നത്. ആശുപത്രികളിൽ തൂക്കം അളക്കാനുള്ള ഉപകരണങ്ങളിൽ കൃത്യമായ പരിശോധന വേണം. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം. ജി.എസ്.എടിയുടെ മറവിൽ അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം. ആധുനിക സംവിധാനങ്ങളുണ്ടായതുകൊണ്ടു മാത്രം ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പ്രവർത്തനം മെച്ചമാകണമെന്നില്ല. ആത്മാർത്ഥതയ്ക്കൊപ്പം പക്ഷഭേദമില്ലാതെ പ്രവർത്തിക്കാനും ജീവനക്കാർക്ക് കഴിയണം.- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ലീഗൽ മെട്രോളജി കൺട്രോളർ ഡോ.പി.സുരേഷ് ബാബു, കേന്ദ്ര ലീഗൽ മെട്രോളജി അസിസ്റ്റന്റ് ഡയറക്ടർ ശൈലേന്ദ്രസിംഗ്, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ പാളയം രാജൻ, ജി.ആർ.അനിൽ, പൊതുമരാമത്ത് ചീഫ് എൻജിനീയർ കെ.ആർ.ബിജു, ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ സംസാരിച്ചു.