തിരുവനന്തപുരം: വള്ളത്തോൾ സാഹിത്യ സമിതിയുടെ ഈ വർഷത്തെ വള്ളത്തോൾ പുരസ്കാരം എഴുത്തുകാരൻ സക്കറിയയ്ക്ക്. 1,11,111 രൂപയും കീർത്തിഫലകവുമടങ്ങുന്ന പുരസ്‌കാരം വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബർ 16ന് വൈകിട്ട് തീർത്ഥപാദമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് സമിതി അദ്ധ്യക്ഷൻ ആർ. രാമചന്ദ്രൻ നായർ, ഡോ. ദേശംമംഗലം രാമകൃഷ്ണൻ, പ്രൊഫ. ആർ. ഹേമന്ത്കുമാർ, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തമിഴ് സാഹിത്യത്തിലെ നിരവധി കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കെ.ജി. ചന്ദ്രശേഖരൻ നായരെ കീർത്തിമുദ്ര പുരസ്‌കാരം നൽകി ആദരിക്കും. വള്ളത്തോളിന്റെ സാഹിത്യ സേവനത്തെക്കുറിച്ച് ഓരോ വർഷവും പ്രസിദ്ധപ്പെടുത്തുന്ന ഏറ്റവും മികച്ച നിരൂപണ ഗ്രന്ഥത്തിന് 25,000 രൂപ പാരിതോഷികം നൽകാനും വള്ളത്തോൾ സാഹിത്യത്തെക്കുറിച്ച് രചിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് സഹായധനം നൽകാനും തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.