തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരമുള്ള പിഴ വർദ്ധന നടപ്പാക്കുന്നതിനൊപ്പം സെപ്തംബർ ഒന്നുമുതൽ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരിക്കുന്നവരും ഹെൽമറ്ര് നിർബന്ധമാക്കും. ഇതുസംബന്ധിച്ച് കോടതി ഉത്തരവുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ കാര്യമായ നടപടി ഉണ്ടായിരുന്നില്ല. പിടിച്ചാലും ബോധവത്കരണം നടത്തുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ, ഒന്നുമുതൽ ഇത് കർശനമാക്കാനാണ് നീക്കം. മാത്രമല്ല, വൻതുക പിഴയും ഈടാക്കും.
പിൻസീറ്ര് ഹെൽമറ്റ് മാത്രമല്ല, കാറുകളിൽ ഡ്രൈവറെ കൂടാതെ മുൻ സീറ്രിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഇല്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. ഇതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ 'ഫ്ളാഷി'നോട് പറഞ്ഞു. അപകടം സംഭവിച്ചാൽ, ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും തലയ്ക്ക് കാര്യമായ ക്ഷതമേൽക്കാതിരിക്കാൻ ഹെൽമറ്റ് സഹായിക്കും.
കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്ത് 1400 ഓളം പേരാണ് ഇരുചക്ര വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. നാലു വയസിന് മുകളിൽ പ്രായമുള്ള, ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമറ്ര് നിർബന്ധമാക്കിക്കൊണ്ട് ഈയിടെ മോട്ടോർ വാഹന നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തിയിരുന്നു. ഇത് പിന്നീട് രാഷ്ടപതിയുടെ അനുവാദം കൂടി ലഭിച്ചതോടെ വിജ്ഞാപനമായി കഴിഞ്ഞു.