മുടപുരം: കഴിഞ്ഞ മൂന്ന് ദിവസമായി മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന സഹസ്രകലശാഭിഷേക ചടങ്ങുകൾ ഇന്നലെ സമാപിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഒരുക്കിയ പ്രത്യേക മണ്ഡപത്തിലാണ് പൂജാ ചടങ്ങുകൾ നടന്നത്. ബ്രഹ്മകലശം, ഖണ്ഡബ്രഹ്മ കലശം, പാരികലശം എന്നീ ഇനങ്ങളിലായി 101 കുടത്തിൽ നിറച്ച കലശങ്ങൾ ക്ഷേത്ര തന്ത്രി കീഴ്പേരൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 20ൽ പരം തന്ത്രി മുഖ്യന്മാർ ചേർന്നാണ് പൂജാകർമ്മങ്ങൾ നടത്തിയത്. വിവിധ ദ്രവ്യങ്ങൾ ചേർത്ത കലശം വിവിധ പൂജകൾക്ക് ശേഷം ദേവിക്ക് മഹാബ്രഹ്മകലശാഭിഷേകം നടത്തുകയാണ് ചെയ്തത്. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു.