ആറ്റിങ്ങൽ: പണം കവരാനായി മോഷണക്കേസ് പ്രതികൾ ബൈക്ക് കൊണ്ടിടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് മർദ്ദിച്ച വഴിയാത്രക്കാരൻ മരണമടഞ്ഞു. ആലംകോട് തൊപ്പിച്ചന്ത കുടവൂർകോണം ആർ.പി വിലാസത്തിൽ ആർ. പുഷ്പാംഗദൻ (73) ആണ് മരിച്ചത്.
26ന് ഉച്ചയ്ക്ക് എസ്.ബി.ഐ ആലംകോട് ബ്രാഞ്ച് എ.ടി.എമ്മിൽ നിന്നു പണമെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുഷ്പാംഗദനെ നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് യുവാക്കൾ ബൈക്കിൽ പിന്തുടർന്ന് ഇടിച്ചിട്ട ശേഷം മർദ്ദിക്കുകയും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഓടിയെത്തുന്നതുകണ്ട്
പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുനിറുത്തി പൊലീസിനു കൈമാറി. വീഴ്ചയിലും മർദ്ദനത്തിലും തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പുഷ്പാംഗദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരണമടഞ്ഞു. ഭാര്യ ബേബി, മക്കൾ: മിഷ, നിഷ, സിഞ്ചു. മരുമക്കൾ: നിബുപേരേറ്റിൽ, കിഷോർ, നിതിൻ.
ഇരവിപുരം പള്ളിമുക്ക് മാളികപുരയിടം വീട്ടിൽ അമീർ (22), കൊല്ലം പള്ളിമുക്ക് വടക്കേവിള തേജസ് നഗർ സജീർമൻസിലിൽ മുഹമ്മദ് താരിഖ് (20), കൊല്ലം മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ തൻസിം (21) എന്നിവരാണ് അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണം, പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റിയ ബൈക്കാണ് പ്രതികൾ ഉപയോഗിച്ചത്.