തിരുവനന്തപുരം: ഗവർണർ പി. സദാശിവത്തിന്റെ ഒൗദ്യോഗിക കാലാവധി അടുത്ത ബുധനാഴ്ച അവസാനിക്കുന്നതോടെ, കേരളത്തിലേക്ക് പുതിയ ഗവർണറെത്തും. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആർ.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ മുതിർന്ന നേതാവിനെയോ, വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനെയോ കേരളത്തിലേക്ക് നിയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിനു പിന്നാലെ, 2014 ആഗസ്റ്റ് 31നാണ് പി. സദാശിവത്തെ കേരള ഗവർണറായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കിയതെങ്കിലും സെപ്തംബർ അഞ്ചിനാണ് അദ്ദേഹം ചുമതലയേറ്റത്. കേരളത്തിനൊപ്പം മറ്റ് 14 സംസ്ഥാനങ്ങളിലും ഗവർണറുടെ ഒഴിവുണ്ടാകുമെന്നതിനാൽ പദവിക്കായി മുതിർന്ന നേതാക്കളും വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം രംഗത്തുണ്ട്. ലോക്സഭാ സ്പീക്കറായിരുന്ന സുമിത്രാ മഹാജൻ, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, പുതുച്ചേരി ലഫ്‌റ്റനന്റ് ഗവർണർ കിരൺബേദി, വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവൻ പാലക്കാട്ടുകാരൻ കെ. വിജയകുമാർ, കോട്ടയം സ്വദേശിയും മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവുമായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. സി.വി. ആനന്ദബോസ്, എ.ഐ.സി.സി മുൻ സെക്രട്ടറി ടോം വടക്കൻ, കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾസലാം, മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ, സ്വയംവിരമിക്കാനൊരുങ്ങുന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസ് എന്നിവരെല്ലാം പരിഗണനയിലുണ്ട്.
നാളെ വരെയുള്ള പൊതുപരിപാടികളിലേ ഗവർണർ പങ്കെടുക്കുന്നുള്ളൂ. തൃശൂർ മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാലയുടെ ബിരുദദാനവും കൊച്ചിയിൽ ന്യൂറോസർജന്മാരുടെ സമ്മേളനവുമാണ് അവസാന പരിപാടികൾ. പുതിയ ഗവർണറെ നിയമിച്ച് ഉത്തരവുണ്ടാകും വരെ അദ്ദേഹത്തിന് രാജ്ഭവനിൽ തുടരേണ്ടിവരും. നേരത്തേ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഗവർണറാകാൻ പി. സദാശിവം കേന്ദ്രത്തെ താത്പര്യമറിയിച്ചിരുന്നു. എഴുപതുകാരനായ സദാശിവത്തെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഒരു വട്ടം കൂടി ഗവർണറാക്കുമെന്നാണ് സൂചന.
നിലവിൽ ജമ്മു കാശ്‌മീർ ഗവർണറുടെ ഉപദേശകനായ കെ. വിജയകുമാറിനെ അവിടെത്തന്നെ ഗവർണറാക്കുമെന്നും സൂചനയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനം രാജശേഖരൻ പദവി ഒഴിഞ്ഞതിനെ തുടർന്ന് അസാം ഗവർണർ ജഗദീഷ് മുഖിക്ക് മിസോറാമിന്റെ അധിക ചുമതല നൽകിയിരിക്കുകയാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കാനും സാദ്ധ്യതയുണ്ട്.