തിരുവനന്തപുരം : പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായി ശ്രീമൂലം പ്രജാസഭയിൽ ശബ്ദമുയർത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ പേര് തിരുവനന്തപുരം വി.ജെ.ടി ഹാളിന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വി.ജെ.ടി ഹാളിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.ജെ.ടി ഹാളിൽ നടന്ന പ്രജാസഭായോഗത്തിലാണ് അവശ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അയ്യങ്കാളി ശബ്ദമുയർത്തിയത്. 1907 ൽ കുമാരനാശാൻ പ്രജാസഭയിൽ അംഗമായതോടെയാണ് വി.ജെ.ടി ഹാളിലേക്ക് ശ്രീമൂലം പ്രജാസഭ യോഗം മാറ്റിയത്. 1912 ലാണ് പുലയ വിഭാഗത്തിൽ നിന്നും അയ്യങ്കാളി യോഗത്തിൽ അംഗമായത്. വി.ജെ.ടി ഹാളിൽ മുഴങ്ങിയ പഴയ ശബ്ദം തിരിച്ചുപിടിക്കാൻ ഈ ഹാൾ ഇനി അയ്യങ്കാളിയുടെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതമെന്നും നവോത്ഥാന പോരാട്ടത്തിലെ ചരിത്രമഹാപുരുഷനാണ് അയ്യങ്കാളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു . കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, ഡോ. പുനലൂർ സോമരാജൻ, ഷാഹിദ കമാൽ, എസ്. പ്രഹ്ലാദൻ, റജി എന്നിവർ സംസാരിച്ചു.
നവോത്ഥാന മൂല്യസംരക്ഷണം ഉപേക്ഷിക്കില്ല
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കില്ലെന്നും ഭരണപരവും നിയമപരവുമായി കൂടുതൽ ശക്തിയോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലം കഴിയുംതോറും നവോത്ഥാന സംരക്ഷണത്തിന്റെ ആവശ്യകത ഏറിവരികയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും കീഴാളർ കീഴാളരായി തുടരുകയാണ്. നവോത്ഥാന ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് ചിലരെല്ലാം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കീഴാളരെന്ന് വരേണ്യ വർഗം വിളിക്കുന്നവർ മോചിതരാകുന്നതുവരെയും പുരുഷ മേധാവിത്വം സ്ത്രീയെ ചവിട്ടി താഴ്‌ത്തുന്നത് അവസാനിക്കുന്നതുവരെയും നവോത്ഥാന മുന്നേറ്റങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന് സാക്ഷിയായ വി.ജെ.ടി ഹാൾ
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക് 1896 ജനുവരി 25ന് ശ്രീമൂലം തിരുനാളിന്റെ കാലത്താണ് വി.ജെ.ടി ഹാൾ ഉദ്‌ഘാടനം ചെയ്തത്. തിരുവിതാംകൂർ നിയമനിർമ്മാണ സഭയുടെ പ്രാരംഭകാല പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ചതും ഈ ഹാളാണ്. രാജ്യത്തെ ആദ്യത്തെ നിയമനിർമ്മാണസഭയാണ് ശ്രീമൂലം തിരുനാൾ പ്രജാസഭ.
1911 ഡിസംബർ 5 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭ മെമ്പറായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 27 ന് വി.ജെ.ടി ഹാളിൽ കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു.
അയ്യങ്കാളി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ പുലയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ പഠിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി.
എന്നാൽ കുട്ടികളെയും കൊണ്ട് സ്‌കൂളിലെത്തിയവരെ സവർണ വിഭാഗം തടഞ്ഞു. കലാപം ഒഴിവാക്കുന്നതിനായി പുലയർക്ക് പ്രത്യേകം സ്കൂളുകൾ സ്ഥാപിച്ചു നൽകാൻ ധാരണയുണ്ടായെങ്കിലും അയ്യങ്കാളി എതിർത്തു. ശ്രീ മൂലം പ്രജാസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പുലയർക്കു മാത്രമായി പ്രത്യേക സ്‌കൂളുകൾ സ്ഥാപിച്ചാൽ പൊതുവിദ്യാലയങ്ങളിലേക്കുള്ള പുലയക്കുട്ടികളുടെ പ്രവേശനം എന്നെന്നേക്കുമായി തടസപ്പെടുമെന്ന് വാദിച്ചു.