തിരുവനന്തപുരം:പാലായിൽ ഇക്കുറി എൽ.ഡി.എഫ് വിജയം ഉറപ്പാണെന്ന് എൻ. സി. പി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് ചാണ്ടി പറഞ്ഞു.
മാണി സി. കാപ്പനെ പാലായിലെ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിൽ പടലപ്പിണക്കം ഉണ്ടായാലും ഇല്ലെങ്കിലും അവിടെ ജയിക്കാനാകും. കേരള കോൺഗ്രസിലെ തർക്കം യു.ഡി.എഫ് ഇടപെട്ട് പരിഹരിച്ചാലും ഞങ്ങൾ ഭയപ്പെടുന്നില്ല. കഴിഞ്ഞ രണ്ട് തവണയും കെ.എം. മാണിയുടെ ഭൂരിപക്ഷം അയ്യായിരത്തിനടുത്തേക്ക് കുറയ്ക്കാൻ മാണി സി. കാപ്പന് കഴിഞ്ഞു. അര നൂറ്റാണ്ടായി പാലായിൽ മാണിയെ പോലെ അജയ്യനായ വ്യക്തിയായിരുന്നെങ്കിൽ ആ പ്രഭാവമുള്ളയാൾ ഇനിയുണ്ടാവില്ല. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ല. അരനൂറ്റാണ്ടായി ജയിക്കാത്ത മണ്ഡലത്തിൽ ഇത്തവണ ജയിച്ചില്ലെങ്കിൽ പോലും മൈനസ് പോയിന്റല്ല. ജയിച്ചാൽ പ്ലസ് പോയിന്റുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മോദിവിരുദ്ധ തരംഗം യു.ഡി.എഫിന് തുണയാവുകയായിരുന്നു. രാഹുൽഗാന്ധിയെ സ്വാഭാവികമായും ജനം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കണ്ടു. അതുകൊണ്ട് അത് ഇടതുപക്ഷത്തിനെതിരായ വോട്ടല്ല. നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവാകാൻ പോലുമുള്ള യോഗ്യത രാഹുലിന് ലഭിച്ചില്ല. വിശ്വാസികളൊരിക്കലും ഇടതുപക്ഷത്തിനെതിരാവില്ല. എതിരായിട്ടുമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രൻ, ടി.പി. പീതാംബരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
''സ്ഥാനാർത്ഥിയായതിൽ സന്തോഷമുണ്ട്. ജയം ഉറപ്പാണ്. എന്റേതല്ലാത്ത കുഴപ്പം കൊണ്ട് കഴിഞ്ഞ മൂന്ന് തവണയും തോറ്റയാൾ എന്ന നിലയ്‌ക്ക് സഹതാപതരംഗം എനിക്ക് അനുകൂലമാകാം.''
-മാണി സി. കാപ്പൻ