jalam

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി ജല പാർലമെന്റ് ലോകത്തിന് മാതൃകയായി. ജലസമൃദ്ധി പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ആദ്യമായി ജല പാർലമെന്റ് എന്ന വേറിട്ട പരിപാടി ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ജലസംരക്ഷണ അവബോധം ഉണ്ടാക്കുന്നതിനും പാർലമെന്ററി സംവിധാനം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഈ പരിപാടി. കാട്ടാക്കട രാജശ്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജലപാർലമെന്റ് രാജ്യത്തെ പരമോന്നത നിയമ നിർമ്മാണ സഭയെ അനുസ്മരിപ്പിക്കും വിധമായിരുന്നു. വിദ്യാർത്ഥി പ്രതിനിധിയായ നിരഞ്ജന ജയൻ സഭാദ്ധ്യക്ഷയായി. മാസ്റ്റർ വിനായകൻ എസ്.ബി. ആയിരുന്നു സ്പീക്കർ. വിദ്യാർത്ഥി പ്രതിനിധി ഹരിവിന്ദ്നാഥ്.വി.ബി സഭാനേതാവും അലീന റേച്ചൽ പ്രതിപക്ഷ നേതാവുമായി. മന്ത്രി സി. രവീന്ദ്രനാഥ്, ഐ.ബി. സതീഷ് എം.എൽ.എ, ഹരിതകേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ ചോദ്യോത്തരവേളയിൽ ജലസംരക്ഷണം, വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി, ഹരിത കേരളം, വികസനവും സംയോജിത സാദ്ധ്യതകളും എന്നീ വിഷയങ്ങൾക്കു മറുപടി നൽകി. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീർ, ഡോ. ഡിംപി വി. ദിവാകരൻ, സി.എസ്. രഞ്ജിത്ത് എന്നിവർ മണ്ണ് ജലസംരക്ഷണം, ജല ബജറ്റിംഗ്, നിയമ നിർമ്മാണം, വികസന കാഴ്ചപ്പാട് എന്നിവയ്ക്കുള്ള മറുപടി നൽകി. പ്രകൃതി സംരക്ഷണവും യുവതലമുറയും, ദുരന്ത നിവാരണവും യുവാക്കളും, ജലസാക്ഷരത, ഭൂമിയും ശാസ്ത്രവും എന്നിവയ്ക്ക് കവി മുരുകൻ കാട്ടാക്കട, ഡോ. സി.പി. അരവിന്ദാക്ഷൻ എന്നിവർ മറുപടി നൽകി. പ്രത്യേക സെഷനിൽ എങ്ങനെ നമ്മൾ അതിജീവിക്കും എന്ന പ്രമേയാവതരണ ചർച്ചയിൽ ഡോ. ജി.എസ്. പ്രദീപ് സംസാരിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിതയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഐ.ബി. സതീഷ്.എം.എൽ.എ തുടർപ്രവർത്തനവും സമാപന സന്ദേശവും നൽകി. വിളപ്പിൽ രാധാകൃഷ്ണൻ, ഡോ. ജെ. ഹരീന്ദ്രൻ നായർ, മിർ മുഹമ്മദലി, ഷംസുദീൻ, ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദീൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പാർലമെന്റിൽ പങ്കെടുത്തു.

ജലസംരക്ഷണം സംസ്കാരമാകണം: മന്ത്രി

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി ലോകത്തിന് മാതൃകയെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി ജല പാർലമെന്റിൽ നയ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. ജല സംരക്ഷണമെന്നത് ഒരു ജോലിയല്ല. ഓരോ നിമിഷവും ഓരോ തുള്ളിയും സംരക്ഷിക്കണം എന്ന ദാർശനിക ചിന്ത നമ്മിൽ ഉണ്ടാകണം. ജല സംരക്ഷണം ജീവിതത്തിന്റെ ഭാഗവും അതിലൂടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.