നെയ്യാറ്റിൻകര: വീട്ടമ്മയെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പാറശാല പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പരശുവയ്ക്കൽ ആലമ്പാറ രോഹിണി നിവാസിൽ ശ്രീജിത്തിന്റെ ഭാര്യ ദേവികയെയാണ് (26) വട്ടവിളയ്ക്ക് സമീപം കാട്ടിലുവിളയിലെ വാടക വീട്ടിൽ ഞായറാഴ്ച രാത്രി തീ ആളിപ്പടർന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചത്. ഭർത്താവ് ശ്രീജിത്തിനും പൊള്ളലേറ്റിരുന്നു.
നെഞ്ചിലും കാലുകളിലും തലയിലും പൊള്ളലേറ്റ ശ്രീജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യിൽ ചികിത്സയിലാണ്. പാറശാല പൊലീസ് ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദേവിക വീട്ടിനകത്തേക്ക് ഓടി പോയി മണ്ണെണ്ണ ഒഴിച്ച് തീ ആളിപ്പടർന്ന നിലയിലാണ് താൻ കണ്ടതെന്നാണ് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴി. അന്നേ ദിവസം തന്നെ ഫോറൻസിക് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി ഉൾപ്പെടെ പരിശോധനക്കായി എടുത്തു കൊണ്ടു പോയെങ്കിലും കുപ്പിലെ വിരലടയാളം ആരുടേതെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ആത്മമഹത്യയാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളുവെന്ന് പൊലീസ് പറയുന്നു. അതേ സമയം യുവതിയുടെ വീട്ടുകാർ ഇതേ വരെ പരാതിയുമായി എത്തിയിട്ടുമില്ല.