ldf

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ വീടുകൾ കയറി വോട്ടർമാരുമായി സംവദിക്കാനും കുടുംബയോഗങ്ങൾക്കും ഊന്നൽ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. എൽ.ഡി.എഫിന്റെ പരമാവധി എം.എൽ.എമാർ മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാവും.

കേരള കോൺഗ്രസിലെ പടലപ്പിണക്കം യു.ഡി.എഫ് ഇടപെട്ട് പരിഹരിക്കുമെന്ന കണക്കുകൂട്ടലാണ് ഇടതുമുന്നണിക്ക്. അതുകൊണ്ടുതന്നെ പ്രവർത്തനത്തിൽ അലംഭാവമില്ലാതെ ജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് നിർദ്ദേശം.

ഇന്നലെ മുന്നണിയോഗം ചേർന്നയുടൻ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാലാ ഉപതിരഞ്ഞെടുപ്പ് വിഷയം ഉന്നയിച്ചത്. എൻ.സി.പിക്ക് പാലാ സീറ്റ് ഇത്തവണയും നൽകുകയാണെന്ന് പറഞ്ഞ കോടിയേരി നിങ്ങൾക്ക് സ്വീകാര്യമല്ലെന്നുണ്ടോ എന്ന് എൻ.സി.പി നേതാക്കളോട് ചോദിച്ചു. സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് തോമസ് ചാണ്ടിയും മന്ത്രി എ.കെ. ശശീന്ദ്രനും രണ്ട് കൈയും നീട്ടിയാണ് പറഞ്ഞത്. സീറ്റ് ചർച്ച അതോടെ അവസാനിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റിയായി പിന്നെ ചർച്ച. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി മണ്ഡലം കൺവെൻഷൻ നിശ്ചയിക്കണമെന്ന് എൻ.സി.പി നേതാക്കൾ നിർദ്ദേശിച്ചു. അതനുസരിച്ചാണ് നാലിന് കൺവെൻഷൻ നിശ്ചയിച്ചത്. സെപ്റ്റംബർ ഏഴിനകം ബൂത്ത്തല കമ്മിറ്റികൾ സജ്ജമാക്കാനും 17 മുതൽ 20 വരെ പഞ്ചായത്ത് തല റാലികൾ നടത്താനും തീരുമാനിച്ചു. സെപ്റ്റംബർ 5, 6 തീയതികളിൽ പഞ്ചായത്ത് കൺവെൻഷനുകൾ ചേരും. 15 മുതൽ 20 വരെ പ്രചരണത്തിൽ മന്ത്രിമാർ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

അതിനിടെ, മാണി സി.കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സംസ്ഥാന എക്സിക്യൂട്ടീവിൽ പ്രത്യേക ക്ഷണിതാവായിരുന്ന സാബു എബ്രഹാം ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സാബുവിനെ അച്ചടക്കലംഘനത്തിന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണെന്ന് പിന്നീട് നേതൃത്വം വിശദീകരിച്ചു. മത്സരിക്കാനായി പത്തോളം പേരുടെ അപേക്ഷകൾ ഉണ്ടെന്നും എല്ലാവരെയും മത്സരിപ്പിക്കാനാകില്ലെന്നുമായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. 'സാബു എൻ.സി.പി പ്രവർത്തകൻ ആണെങ്കിൽ പാലായിൽ പ്രവർത്തനത്തിൽ സഹകരിപ്പിക്കാം'- തോമസ് ചാണ്ടി പറഞ്ഞു.