തിരുവനന്തപുരം: ഇ.എസ്.ഐ, അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടായ എം.ബി.ബി.എസ് സീറ്റുകളിലേക്ക് 30ന് രാവിലെ 10മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവൻഷൻ സെന്റിൽ കേന്ദ്രീകൃത സ്പോട്ട് അഡ്‌മിഷൻ നടത്തും. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമേ സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാനാവൂ. അഖിലേന്ത്യാ ക്വോട്ടയിലും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിലും പ്രവേശനം നേടിയവർക്ക് പങ്കെടുക്കാനാവില്ല. www. cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് രജിസ്ട്രേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. സ്ലിപ്പുമായെത്തുന്നവരെ മാത്രമേ അലോട്ട്മെന്റിന് പരിഗണിക്കൂ.

സ്പോട്ട് അഡ്‌മിഷനുള്ള കട്ട്ഒഫ് റാങ്കുകൾ എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ചു. പിന്നാക്ക ക്രിസ്ത്യൻ, പട്ടികവിഭാഗം-20000, ക്രിസ്ത്യൻ മൈനോറിട്ടി-, ധീവര- 15000, സ്റ്റേറ്റ് മെരിറ്റടക്കമുള്ള മറ്റ് കാറ്റഗറികൾ- 12000 ഇവർ രാവിലെ 10ന് ഹാജരാകണം. കട്ട് ഒഫ് റാങ്കിനുള്ളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തിയ ശേഷവും ഒഴിവുകളുണ്ടെങ്കിൽ മറ്റുള്ളവരെ പരിഗണിക്കും. അവർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ, എൻട്രൻസ് കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന മൂന്നുലക്ഷം രൂപയുടെ ഡി.ഡി ഹാജരാക്കണം. ബാക്കി തുക കോളേജിലാണ് അടയ്ക്കേണ്ടത്. എൻജിനിയറിംഗ് ഒഴികെ മറ്റ് കോഴ്സുകളിൽ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ അധിക തുകയ്ക്കുള്ള ഡി.ഡി നൽകിയാൽ മതി. പട്ടികവിഭാഗക്കാരും ഒ.ഇ.സിക്കാരും ഫീസ് അടയ്ക്കേണ്ടതില്ല. മൈനോറിട്ടി ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് ആനുകൂല്യം ലഭിക്കില്ല.

എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിലൂടെ ബി.ഡി.എസ്, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടിയവർക്ക് സ്പോട്ട് അഡ്‌മിഷനിൽ എം.ബി.ബി.എസ് സീറ്റ് ലഭിച്ചാൽ മുൻപ് ലഭിച്ച സീറ്റ് റദ്ദാക്കപ്പെടും. ഇവർ എൻ.ഒ.സി, പൊസഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ഹാജരാകണം. മറ്റ് കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് അസൽ ടി.സിയില്ലാതെ സ്പോട്ട് അഡ്‌മിഷൻ ലഭിക്കില്ല. സ്പോട്ട് അഡ്‌മിഷനു ശേഷം കോഴ്സ് ഉപേക്ഷിക്കുന്നവർ പ്രോസ്പെക്ടസ് പ്രകാരമുള്ള പിഴയൊടുക്കേണ്ടി വരും. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471 -2339101, 2339102, 2339103, 2339104& 2332123 (10 am –5 pm).