തിരുവനന്തപുരം: അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആൻ മക്ളെയിന്റേത് വ്യക്തിഗത സ്പെയ്സ് ക്രൈം മാത്രമാണെങ്കിലും ബഹിരാകാശത്തെ കുറ്റകൃത്യസാദ്ധ്യത ലോകത്ത് ആശങ്കയുണ്ടാക്കുമെന്ന് സ്പെയ്സ് നിയമരംഗത്തെ ഇന്ത്യൻ വിദഗ്ദ്ധൻ നിഖിൽ ബാലൻ പറഞ്ഞു. സ്പെയ്സ് ക്രൈം കൈകാര്യം ചെയ്യുന്ന രാജ്യാന്തര നിയമസ്ഥാപനമായ സ്കൈലേഗാ ചേംബേഴ്സ് ആൻഡ് പാർട്ട്ണേഴ്സ് സി.ഇ.ഒ. ആണ് അദ്ദേഹം.
ആൻ മക്ലെയിൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കംപ്യൂട്ടറിൽ നിന്ന് മുൻ പങ്കാളി സമ്മർ വോർഡന്റെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചതാണ് ലോകത്തെ ആദ്യത്തെ സ്പെയ്സ് ക്രൈം കേസ്.
ആൻ മക്ളെയിനെതിരായ പരാതി നാസയാണ് അന്വേഷിക്കുന്നത്. മറ്റ് രാജ്യങ്ങൾക്ക് ആക്ഷേപമില്ലെങ്കിൽ അമേരിക്കൻ ക്രിമിനൽ നിയമങ്ങൾ അനുസരിച്ചായിരിക്കും നടപടി. ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയ ആൻ അമേരിക്കയിലുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ കേസെടുക്കുന്നത്. ബഹിരാകാശത്ത് നടന്ന കുറ്റകൃത്യം അന്താരാഷ്ട്ര മേഖലയിൽ നടന്ന കുറ്റകൃത്യമാണ്. മറ്റ് രാജ്യങ്ങൾ പരാതിപ്പെട്ടാൽ ആൻ മക്ളെയിന്റെ കേസ് സങ്കീർണമാകാമെന്ന് നിഖിൽ പറഞ്ഞു.
1959ൽ രൂപികരിച്ച യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഔട്ടർസ്‌പെയിസ് അഫയേഴ്സിന്റെ കീഴിലുള്ള കമ്മിറ്റി ഓൺ പീസ്‌ഫുൾ യൂസ് ഓഫ് ഔട്ടർ സ്‌പെയിസ് ആണ് ബഹിരാകാശ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നത്. ഐക്യരാഷ്ടസഭയുടെ അഞ്ച് കരാറുകളാണ് ഇതിന് അടിസ്ഥാനം. അതിൽ ഏറ്റവും പ്രധാനം 107 രാജ്യങ്ങൾ ഒപ്പിട്ട ഔട്ടർ സ്‌പേസ് ട്രീറ്റിയാണ്. ഈ ട്രീറ്റിയിൽ ആകെ 17 ആർട്ടിക്കിളുകളാണ് ഉള്ളത്.
ബഹിരാകാശത്ത് രാജ്യങ്ങൾ രഹസ്യങ്ങൾ ചോർത്തുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും മറ്റും നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിലുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ നിലയത്തിൽ ഇരുന്നുകൊണ്ട് മറ്റ് രാജ്യങ്ങൾക്കെതിരെ കുറ്റകൃത്യം നടത്താമെന്ന സാദ്ധ്യതയാണ് ആൻ മക്ളെയിൻ സംഭവം തെളിയിക്കുന്നത്. ഇതിൽ മറ്റ് രാജ്യങ്ങൾക്ക് ആശങ്കയുണ്ട്.
എന്നാൽ ആൻ മക്ലെയിൻ ഉൾപ്പെട്ട കുറ്റകൃത്യം നടന്നത് നാസയുടെ നിലയത്തിലാണ്. മറ്റു രാജ്യങ്ങളുടെ വ്യക്തികളോ നിലയങ്ങളോ ഇതിൽ ബന്ധപ്പെടുന്നില്ല. അതിനാൽ നടപടിയെടുക്കാനുള്ള അധികാരം അമേരിക്കൻ ഗവൺമെന്റിനാണ്.