ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള
ആദ്യ ഏകദിനം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബിൽ
തിരുവനന്തപുരം : കാര്യവട്ടം എ ടീമുകളുടെ പോരാട്ടമാണെങ്കിലും കളത്തിൽ നിറയുക ഇന്റർനാഷണൽ താരങ്ങൾ. കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള അഞ്ചു മത്സര പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോൾ തലസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർക്ക് ഭാവിയുടെ ഇന്ത്യൻ ദേശീയ ടീമിനെത്തന്നെ കളിക്കളത്തിൽ കാണാനാകും.
അഞ്ച് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയ്ക്കാണ് ദക്ഷിണാഫ്രിക്കൻ എ ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇതിൽ ഒരു ടെസ്റ്റ് ഒഴികെയുള്ള മത്സരങ്ങളെല്ലാം നടക്കുന്നത് സ്പോർട്സ് ഹബിലാണ്.
രാഹുൽദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ എ ടീമിലെ ഒട്ടുമിക്കകളിക്കാരും ഒരിക്കലെങ്കിലും ഇന്ത്യൻ സീനിയർ ടീമിൽ കളിച്ചിട്ടുള്ളവരാണ്. ഇനിയുള്ള കാലം സീനിയർ ടീമിൽ സ്ഥിരമാകാനുള്ള അവസരം കാത്തിരിക്കുന്നവർ സത്യത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കെതിരെയല്ല, ടീമിലെ സഹതാരങ്ങളോടാണ് ഇവരുടെയെല്ലാം മത്സരം. ഇന്ത്യൻ ടീമിലെ സ്ഥിരസ്ഥാനത്തിന് വേണ്ടി.
വിൻഡീസ് പര്യടനം കഴിഞ്ഞുവന്ന മനീഷ് പാണ്ഡെയാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്ടൻ. വിൻഡീസിൽനിന്ന് തിരിച്ചെത്തിയ യുസ്‌വേന്ദ്ര ചഹലും ഖലീൽഅഹമ്മദും രാഹുൽ ചഹറും ദീപക് ചഹറും ഒപ്പം ഇന്ത്യൻ ടീമിൽ പലലതവണ കളിച്ചിട്ടുള്ള അക്ഷർ പട്ടേലും ഷാർദൂൽ താക്കൂറും ക്രുനാൽ പാണ്ഡ്യെയുമൊക്കെ എടീമിൽ അണിനിരക്കുന്നു. ശുഭ്‌മാൻഗിൽ, റിക്കിഭുയി, ശിവം ദുബെ തുടങ്ങിയ ഇളംമുറക്കാരും ദ്രാവിഡിന്റെ ശിക്ഷണത്തിന്റെ കീഴിൽ മികവിന് മൂർച്ച വരുത്തി സീനിയേഴ്സാകാനുള്ള പടപ്പുറപ്പാടിലാണ്.
അവസാന രണ്ട് ഏകദിനങ്ങളിൽ ഇന്ത്യ എയെ നയിക്കുന്നത് ശ്രേയസ് അയ്യരാണ്. ഇൗ മത്സരങ്ങളിൽ സഞ്ജു സാംസണും ടീമിലുണ്ടാകും.
ദക്ഷിണാഫ്രിക്കയും മികച്ച യുവനിരയെത്തന്നെയാണ് അയച്ചിരിക്കുന്നത്. ടെസ്റ്റ് കളിച്ചിട്ടുള്ള
ടെംബ ബൗമയാണ് ക്യാപ്ടൻ.
റീസ ബാൻട്രിക്സ്, ഹെൻറിച്ച് ക്ളാസൻ, സോണ്ടോ, നോർട്ടീ തുടങ്ങിയ ഇന്റർനാഷണൽ താരങ്ങൾ ദക്ഷിണാഫ്രിക്കൻ നിരയിലുമുണ്ട്.
. മത്സരം സൗജന്യമായി കാണാം.
. സ്റ്റാർ സ്പോർട്സിൽ രാവിലെ 9.30 മുൽ ലൈവ്.
മനീഷ് പാണ്ഡെ
വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിനായി കളിച്ച ശേഷമാണ് മനീഷ് പാണ്ഡെ ഇന്ത്യ എ ടീമിനെ നയിക്കാനെത്തുന്നത്. ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി 23 ഏകദിനങ്ങളും 31 ട്വന്റി 20 കളും കളിച്ച അനുഭവസമ്പത്ത്. ഐ.പി.എൽ കൊൽക്കത്ത, ബാംഗ്ളൂർ, മുംബയ്, പൂനെ, ഹൈദരാബാദ് ടീമുകൾക്കായി ജഴ്സിയണിഞ്ഞു.
ശുഭ്‌മാൻ ഗിൽ
ഇന്ത്യൻ ബാറ്റിംഗിലെ പുതിയ വാഗ്‌ദാനമാണ് ഗിൽ. അണ്ടർ 19, ടീമിനായി ലോകകപ്പിൽ ഗംഭീര പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ സീനിയർ ടീമിൽ ഇൗവർഷമാദ്യം കിവീസിനെതിരെ ഏകദിന അരങ്ങേറ്റം നടത്തി. രണ്ട് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തായിരിക്കും സെപ്തംബർ 8ന് ഗില്ലിന്റെ 20-ാം പിറന്നാൾ ആഘോഷം.
അക്ഷർ പട്ടേൽ
രണ്ടുവർഷത്തോളമായി ഇന്ത്യൻ ഏകദിന ടീമിൽ നിന്നും ഒരുവർഷത്തിലേറെയായി ട്വന്റി 20 ടീമിൽനിന്നും വിട്ടുനിൽക്കുന്ന അക്ഷർ പട്ടേലിന് മുൻനിരയിലേക്ക് തിരിച്ചെത്താനുള്ള അവസരമാണിത്. 38 ഏകദിനങ്ങളും 11 ട്വന്റി 20 കളും കളിച്ച പരിചയമുണ്ട്. 26 കാരനായ ഇൗ ഇടം കയ്യൻ ആൾ റൗണ്ടർക്ക്. ദുലീപ് ട്രോഫിയിൽ ഇന്ത്യ റെഡിനായി കളിച്ചു. വിൻഡീസ് പര്യടനം നടത്തിയ എ ടീമിലും കളിച്ചു.
ശാർദൂൽ താക്കൂർ
ഇന്ത്യയ്ക്കുവേണ്ടി മന്ന് ഫോർമാറ്റുകളിലും (1 ടെസ്റ്റ്, 5 ഏകദിനം, 7 ട്വന്റി 20) കളിച്ചിട്ടുള്ള പേസർ സച്ചിന്റെ ഇതിഹാസ 10-ാം നമ്പർ ജഴ്സിയാണ് അണിഞ്ഞിരിക്കുന്നത്. കഴിഞ്ഞവർഷം വിൻഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2017 ൽ ഏകദിനത്തിലും 2018 ൽ ട്വന്റി 20 യിലും അരങ്ങേറി. ഐ.പി.എല്ലിനുശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ്.
ഖലീൽ അഹമ്മദ്
വിൻഡീസിനെതിരായ ഏകദിന പരമ്പര കഴിഞ്ഞാണ് ഖലീൽ എത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം വിൻഡീസ് കാര്യവട്ടത്ത് കളിക്കാനെത്തിയപ്പോൾ ഖലീൽ സീനിയർ ടീമിലുണ്ടായിരുന്നു. സീനിയർ കുതായത്തിൽ 11വീതം ഏകദിനങ്ങളും ട്വന്റി 20 കളും കളിച്ചിട്ടുണ്ട് ഇൗ ഇടംകയ്യൻ പേസർ.
സഞ്ജു സാംസൺ
പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കായാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 2015ൽ സിംബാബ്‌വെയ്ക്കെിരെ ഒരേയൊരു അന്താരാഷ്ട്ര ട്വന്റി 20 മാത്രം കളിച്ചിട്ടുള്ള സഞ്ജുവിന് ദേശീയ സീനിയർ ടീമിലേക്ക് തിരിച്ചുവരാനുള്ള ചവിട്ടുപടിയാണ് എ ടീം. ഐ.പി.എല്ലിനുശേഷം ആദ്യമായി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.
ശ്രേയസ് അയ്യർ
വിൻഡീസിനെിതരായ ഏകദിന പരമ്പര കഴിഞ്ഞ് മടങ്ങിവരുകയാണ് ശ്രേയസ് അയ്യർ. സീനിയർ ടീമിൽ സ്ഥിരം സ്ഥാനമുറപ്പിക്കാനും നായക ശേഷി പ്രകടിപ്പിക്കാനുമുള്ള അവസരമാണിത്. ഐ.പി.എല്ലിൽ ഡൽഹി കാപ്പിറ്റൽസിന്റെ ക്യാപ്ടനുമാണ് ഇൗ മറുനാടൻ മലയാളി താരം. ഒൻപ് ഏകദിനങ്ങളും ആറ് ട്വന്റി 20 കളും ഇന്ത്യൻ സീനിയർ കുപ്പായത്തിൽ കളിച്ചിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസാണ് ടീമിനെ നയിക്കുക.
യുസ്‌വേന്ദ്ര ചഹൽ
50 ഏകദിനങ്ങളുടെയും 31 ട്വന്റി 20 കളുടെയും അനുഭവസമ്പത്തുമാണ് ചഹലിന്റെ വരവ്. മുൻ ദേശീയ ചെസ് താരം കൂടിയായ ഇൗ 23 കാരൻ 2016 മുതൽ ഷോർട്ട് ഫോർമാറ്റുകളിലെ ഇന്ത്യൻ ടീമുകളിൽ സ്ഥിരമാണ്. വിൻഡീസ് പര്യടനത്തിൽ ഒരു ഏകദിനത്തിൽ കളിച്ചു. ലോകകപ്പ് ടീമിലുമുണ്ടായിരുന്നു.
ക്രുനാൽ പാണ്ഡ്യെ
വിൻഡീസ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മറ്റൊരു താരം. ഇന്ത്യൻ സീനിയർ കുപ്പായത്തിൽ 14 ട്വന്റി 20 കൾ കളിച്ചിട്ടുണ്ട്. ഏകദിന അരങ്ങേറ്റത്തിന് കാത്തിരിക്കുന്നു. വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ പ്ളേയർ ഒഫ് ദ സിരീസായിരുന്നു.
വിജയ് ശങ്കർ
ലോകകപ്പിൽ വിവാദമായ ത്രീ ഡയമെൻഷണൽ പ്രയോഗത്തിലൂടെ മാദ്ധ്യമ ശ്രദ്ധയിൽനിറഞ്ഞ വിജയ് ശങ്കറിനെ പരിക്ക് കാരണം തിരിച്ചയച്ചിരുന്നു. പരിക്കിൽ നിന്ന് മോചിതനായ ഇൗ ആൾ റൗണ്ടർക്ക് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമാണിത്. 12 ഏകദിനങ്ങളും 9 ട്വന്റി 20 കളും ഇന്ത്യയ്ക്കായി കളിച്ച പരിചയ സമ്പത്ത്.
ദീപക് ചഹർ
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചദീപക് 2018 ൽ ഇംഗ്ളണ്ട് പര്യടനത്തിൽ ട്വന്റി 20 അരങ്ങേറ്റം നടത്തി. ഇൗവർഷം വിൻഡീസ് പര്യടനത്തിലും ഒരു ട്വന്റി 20 യിൽ കളിച്ചു. കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാനെതിരെ ഒരു ഏകദിനം കളിച്ചു. പേസ് ബൗളറാണ്.
രാഹുൽ ചഹർ
ദീപകിന്റെ സഹോദരനും ലെഗ് സ്പിന്നറും ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനായി മികച്ച പ്രകടനം വിൻഡീസ് പര്യടനത്തിൽ ട്വന്റി 20 അരങ്ങേറ്റം കളിച്ചത്. സഹോദരനൊപ്പം ദുലീപ് ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിൽ അംഗമായിരുന്നു.
ട്വന്റി 20 യിൽ ധോണിയെ
ഒഴിവാക്കിയേക്കും
ന്യൂഡൽഹി അടുത്തമാസം ദക്ഷിണാഫ്രിക്കയ്ക്കെിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിലും ധോണിയെ മാറ്റിനിറുത്തി യുവതാരം ഋഷഭ് പന്തിനെ കളിപ്പിക്കാൻ ഇന്ത്യൻ സെലക്ടർമാർ തയ്യാറായേക്കും. ലോകകപ്പിന് ശേഷം വിൻഡീസ് പര്യടനത്തിൽ ധോണിയെ പരിഗണിച്ചിരുന്നില്ല.കാശ്മീരിൽ സൈനിക സേവനത്തിനായി തന്നെ വിൻഡീസ് പര്യടനത്തിൽനിന്ന് ഒഴിവാക്കാൻ ധോണി ആവശ്യപ്പെട്ടിരുന്നു.
വിൻഡകസിൽ മൂന്ന് ഫോർമാറ്റുകളിലും ഋഷഭാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പന്തിന് കൂടുതൽ അവസരങ്ങൾ നൽകിയാൽ മാത്രമേ ഭാവിയിലേക്ക് രൂപപ്പെടുത്തി എടുക്കാനാകൂ എന്ന് കരുതിയാണ് ട്വന്റി 20 പരമ്പരയിൽ കൂടി ധോണിയെ മാറ്റിനിറുത്താൻ സെലക്ടർമാർ തയ്യാറാകുന്നത്.
റോബിൻ ഉത്തപ്പ
കേരള ക്യാപ്ടൻ
തിരുവനന്തപുരം : പുതിയ സീസണിൽ കേരളത്തിനായികളിക്കുന്ന മുൻ അന്താരാഷ്ട്ര താരവും പാതി മലയാളിയുമായ റോബിൻ ഉത്തപ്പ ട്വന്റി 20 , ഏകദിന ഫോർമാറ്റുകളിൽ നായകനാകും. കഴിഞ്ഞ സീസണുകളിൽ എല്ലാ ഫോർമാറ്റുകളിലും കേരളത്തെ നയിച്ചിരുന്ന സച്ചിൻ ബേബിയെ മാറ്റിയാണ് ഉത്തപ്പയെ ക്യാപ്ടനാക്കിയിരിക്കുന്നത്. അതേസമയം ചതുർദിന രഞ്ജിട്രോഫി മത്സരങ്ങൾക്കുള്ള ക്യാപ്ടനെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞസീസണിൽ കേരളം രഞ്ജി ട്രോഫി സെമിഫൈനൽ വരെയെത്തി. ചരിത്രം സൃഷ്ടിച്ചത് സച്ചിൻ ബേബിക്ക് കീഴിലായിരുന്നു. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമാണ് ഉത്തപ്പ കേരളത്തെ നയിക്കുക.