തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ സ്തുതിച്ച ഒരു സംഭവം കാട്ടിത്തരൂ എന്ന വെല്ലുവിളിയുമായി,, മോദിസ്തുതി വിവാദത്തിൽ ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡന്റിന്റെ നോട്ടീസിന് വിശദീകരണം നൽകി.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഞാൻ നടത്തിയതിന്റെ പത്ത് ശതമാനം ഇടപെടൽ പോലും എനിക്കെതിരെ വിമർശനമുന്നയിക്കുന്ന കേരളത്തിലെ ആളുകൾ നടത്തിയിട്ടില്ല- തന്റെ നിലപാടുകൾ ആവർത്തിച്ചും തനിക്കെതിരെ രംഗത്ത് വന്നവരെ രൂക്ഷമായി വിമർശിച്ചുമുള്ള മറുപടിയിൽ .തരൂർ പറഞ്ഞു. ബി.ജെ.പി ഇവിടെയൊരു ശക്തിയല്ലെങ്കിലും അവരുടെ കരുത്തരായ എതിരാളികളോട് ശക്തമായി പോരാടിയാണ് ഞാൻ വിജയിച്ചത്. അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്ന നോട്ടീസിലെ പരാമർശത്തിന് ,എന്റെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ പാർട്ടിയിലെ ഒരു വേദിയിലും അംഗമല്ല. ജയറാം രമേശിന്റെയും അഭിഷേക് സിംഗ്‌വിയുടെയും പ്രതികരണങ്ങൾ പൊതുവേദിയിലായിരുന്നു. അതിനോട് സമൂഹമാദ്ധ്യമങ്ങളിലൂടെ ഞാൻ പ്രതികരിച്ചതാണ്- 'താങ്കളുടെ മെയിലിന് നന്ദി' എന്ന മുഖവുരയോടെ തുടങ്ങുന്ന മറുപടിയിൽ തരൂർ വ്യക്തമാക്കി. തരൂരിന്റെ മറുപടി പരിശോധിച്ച് എ.ഐ.സി.സിക്ക് സമർപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ശശി തരൂരിന്റെമറുപടിയിൽ നിന്ന്:
പ്രധാനമന്ത്രിയെ ഞാൻ ന്യായീകരിച്ചുവെന്ന് താങ്കൾ വിശ്വസിച്ചത് അദ്ഭുതപ്പെടുത്തുന്നു.
അടുത്തിടെ അവസാനിച്ച എട്ടാഴ്ച നീണ്ട ലോക്‌സഭാസമ്മേളനത്തിലെ എന്റെ പ്രകടനങ്ങൾ പരിശോധിക്കണം. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും കോൺഗ്രസിന്റെ മൂല്യങ്ങൾക്കും വിരുദ്ധമായി അവതരിപ്പിക്കപ്പെട്ട ബില്ലുകളിന്മേൽ ഞാൻ നടത്തിയതിന്റെ പത്ത് ശതമാനം പഠനമോ ഗവേഷണമോ ഇടപെടലോ കേരളത്തിലെ എന്റെ വിമർശകരാരും നടത്തിയില്ല.
കോൺഗ്രസ് എം.പിയെന്നതിനുപരി, എന്റെ പേനയുടെ കരുത്തും എഴുത്തുകാരനെന്ന വിശ്വാസ്യതയും ഉപയോഗിച്ച് ആദ്യ മോദിസർക്കാരിനെതിരെ ശക്തമായ വിമർശനമാണ് നടത്തിയത്. മോദിയെ സ്തുതിക്കുന്ന ആരെങ്കിലും എഴുതുന്ന പുസ്തകമല്ല ഞാനെഴുതിയ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ.. താങ്കൾക്കും ഇതൊക്കെ അറിയാവുന്നതായിട്ടും എന്തിനീ നിലവിളി?
ഏറെ വിശ്വാസ്യതയുള്ള ജയറാം രമേശിന്റെയും അഭിഷേക് സിംഗ്‌വിയുടെയും അഭിപ്രായങ്ങൾക്ക് ഞാൻ നടത്തിയ ഏക ട്വീറ്റിനെ വളച്ചൊടിച്ച് ഉറഞ്ഞുതുള്ളി..ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ മോദിയെ അഭിനന്ദിച്ചാൽ വിമർശനങ്ങൾക്ക് അത് കരുത്ത് പകരുമെന്നാണ് ആറ് വർഷമായി ഞാനും പറയുന്നത്.
മോദി എന്തെങ്കിലും ശരി ചെയ്താൽ അഭിനന്ദിക്കുന്നത് മോദീ സ്തുതിയല്ല. ശരിയായ മനോനിലയുള്ള വോട്ടർമാരിൽ കോൺഗ്രസിന്റെ വിശ്വാസ്യത ഉയർത്താനുള്ള ശബ്ദമാണത്.
പ്രശംസയർഹിക്കുന്നതൊന്നും ചെയ്തില്ലെങ്കിലും വോട്ട് ശതമാനം 2014ലെ 31ൽ നിന്ന് 37ശതമാനമാക്കി ഉയർത്തുന്നതിൽ മോദി വിജയിച്ചു. കോൺഗ്രസിന് രണ്ട് തിരഞ്ഞെടുപ്പിലും കിട്ടിയത് 19ശതമാനം വോട്ട്.
മോദി എന്തോ ചെയ്യുന്നുവെന്ന് വോട്ടർമാർ വിശ്വസിക്കുമ്പോൾ അതംഗീകരിച്ചു കൊണ്ട് അതിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടണം.
ഞാനാഗ്രഹിക്കുന്നത് പുരോഗമന, മതനിരപേക്ഷ, സ്വതന്ത്ര പാർട്ടികളുമായി ചേർന്ന് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെന്നാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അകന്നുപോയവരെയും ബി.ജെ.പിയെ തുണച്ചവരെയും തിരിച്ചെത്തിക്കണം. മോദിയിലേക്ക് അവരെ ആകർഷിച്ചതെന്തെന്ന് കണ്ടെത്തണം. മോദിയെ കൂടുതൽ മോശക്കാരനാക്കരുതെന്നാണ് വിശ്വസ്തരായ കോൺഗ്രസുകാരടക്കം ആവശ്യപ്പെടുന്നത്.
മോദിയെ ഞാൻ നശിപ്പിച്ചുവെന്ന് ബി.ജെ.പി വിചാരിക്കുന്നതിനാലാണ് എന്റെ അറസ്റ്റാവശ്യപ്പെട്ട് രണ്ട് കേസുകൾ നൽകിയത്. ആത്യന്തികമായി ഞാൻ മോദിയുടെ ശക്തനായ വിമർശകനാണ്..
-