ud-gadanam

വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ വികസനത്തിന് രണ്ട് കോടി രൂപ കൂടി നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വക്കത്ത് 1.10 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ഐ.പി ബ്ലോക്കിന്റെയും പാലീയേറ്റീവ് ഐ.പിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധി മൂലം തത്ക്കാലം പുതിയ പോസ്റ്റുകൾ ഉണ്ടാകില്ല. സ്ഥിതി മെച്ചപ്പെടുമ്പോൾ മാറ്റങ്ങൾ ഇവിടെയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, രമാഭായി, ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ന്യൂട്ടൻ അക്ബർ, രമണൻ തുടങ്ങിയവർ സംസാരിച്ചു.