ലക്നൗ : പി.എ.സി സ്റ്റേഡിയത്തിലെ കൊടുംചൂടിൽ നടക്കുന്ന ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സിന്റെ രണ്ടാംദിനവും കേരളത്തിന്റെ മെഡൽ കൊയ്ത്ത്. പുരുഷ വിഭാഗത്തിൽ രണ്ട് സ്വർണവും ഒാരോ വെള്ളിയും വെങ്കലവും വനിതാ വിഭാഗത്തിൽ ഒാരോ സ്വർണവും വെള്ളിയുമാണ് ഇന്നലെ കേരളം നേടിയത്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാവ് പി.യു. ചിത്രയാണ് വനിതകളുടെ 800 മീറ്ററിൽ സ്വർണം നേടിയത്. 1500 മീറ്ററാണ് തന്റെ സ്ഥിരം ഇനമെങ്കിലും 800 മീറ്ററിലേക്ക് കൂടിയിറങ്ങിയ ചിത്ര 2 മിനിട്ട് 02.96 സെക്കൻഡിലാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഉഷസ്കൂളിലെ ജെസി ജോസഫ് 2 മിനിട്ട് 7.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാംസ്ഥാനത്തെത്തി.
പുരുഷന്മാരുടെ 800 മീറ്ററിൽ ഒരു മിനിട്ട് 48.35 സെക്കൻഡിൽ ഒാടിയെത്തിയാണ് പറളി സ്കൂളിൽ നിന്ന് പുറന്നുയർന്ന മുഹമ്മദ് അഫ്സൽ സ്വർണം നേടിയെടുത്തത്. തമിഴ്നാടിന്റെ മുജാവിൽ അമീറിനാണ് വെള്ളി.
400 മീറ്ററിൽ പുതിയ താരോദയമായി മാറുകയായിരുന്നു അലക്സ് ആന്റണി. 46.17 സെക്കൻഡിലാണ് അലക്സ് ഫിനിഷ് ചെയ്തത്. 46.64 സെക്കൻഡിൽ ഒാടിയെത്തിയ ഹരിയാനക്കാരൻ ഹർഷ് ബൽജിതിനെയാണ് അലക്സ് രണ്ടാമതാക്കിയത്.
പുരുഷന്മാരുടെ 20 കി.മീറ്റർ നടത്തയിൽ അന്താരാഷ്ട്ര താരം കെ.ടി. ഇർഫാൻ വെള്ളിയിലൊതുങ്ങി. സന്ദീപ് കുമാറിനാണ് സ്വർണം. 400 മീറ്റർ ഹർഡിൽസിൽ ജിതിൻ പോൾ കേരളത്തിനായി വെങ്കലം നേടി. മലയാളിതാരം നയന ജെയിംസ് വനിതാ ലോംഗ് ജമ്പിൽ തമിഴ്നാടിനായി സ്വർണം നേടി.