കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോയാണിത്. പയ്യോളി എക്‌സ്‌പ്രസ് പി.ടി. ഉഷയുടെ മടിയിലിരിക്കുന്ന കൊച്ചുപെൺകുട്ടിയാണ് ഫോട്ടോയിലെ താരം. കഴിഞ്ഞദിവസം ഉഷ തന്നെയാണ് ഇൗ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആ കൊച്ചുപെൺകുട്ടി മറ്റാരുമല്ല. ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവാണ്. സിന്ധു ലോക ചാമ്പ്യനായതോടെ ഉഷ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോ വൈറലായതോടെ ഇൗ ചിത്രമെടുക്കാനുണ്ടായ സാഹചര്യവും ഉഷ വ്യക്തമാക്കി.
അന്താരാഷ്ട്ര കായിക രംഗത്തുനിന്ന് വിരമിച്ച ശേഷം ഉഷ 2001ൽ ഹൈദരാബാദിൽ നടന്ന ഇന്റർ റെയിൽവേ അത്‌ലറ്റിക്സിനായി പോയപ്പോൾ താമസിച്ചിരുന്നത് അന്താരാഷ്ട്ര വോളിബാൾ ദമ്പതികളായ പി.വി. രമണയുടെയും വിജയയുടെയും വീട്ടിലാണ്. അവരുടെ മകളായ സിന്ധു അന്ന് ഉഷയെ കണ്ടതിന്റെ ആഹ്ളാദത്തിലായിരുന്നു. തന്റെമടിയിൽ കയറിയിരുന്ന സിന്ധുവിന്റെ ഫോട്ടോയെടുത്തത് രമണയാണ്. 2016 ൽ സിന്ധു ഒളിമ്പിക്സിൽ വെള്ളി നേടിയപ്പോൾ രമണ തന്നെയാണ് ഇൗ ചിത്രം തനിക്ക് അയച്ചുതന്നതെന്നും ഉഷ പറഞ്ഞു.