തിരുവനന്തപുരം: പൊന്മുടി സന്ദർശിക്കാനെത്തി കടുത്ത മൂടൽമഞ്ഞ് കാരണം വഴി തെറ്റിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ഏറനേരത്തെ തെരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തി. മിനിസ്ട്രി ഒഫ് എച്ച്.ആർ.ഡിയിലെ ആറംഗസംഘത്തിൽ പെട്ട അശോക് കുമാറാണ് (63) പൊന്മുടി അപ്പർ സാനട്ടോറിയത്തിൽ നിന്നും മുക്കാൽ കിലോമീറ്ററോളം വഴി തെറ്റി വിജനമായ മലനിരകളിൽ ഒറ്റപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കാണാതായത്. ഇയാളെ രക്ഷപ്പെടുത്തിയ വിവരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ് ബുക്കിലാണ് പങ്കുവച്ചത്.
രാത്രി ഏഴോടെയാണ് പൊന്മുടി സന്ദർശിക്കാനെത്തിയ സഞ്ചാരിയെ കാണാനില്ലെന്ന വിവരം മന്ത്രി കടകംപള്ളിസുരേന്ദ്രൻ അറിയുന്നത്. ഉടൻ തന്നെ അദ്ദേഹം ഇടപെടുകയും പൊലീസിനോടും ഫയർഫോഴ്‌സനോടും അടിയന്തരമായി തെരച്ചിൽ തുടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. ടൂറിസം ഡയറക്ടറോടും ആവശ്യമായ നടപടി കൈക്കൊള്ളാൻ നിർദേശിച്ചു. കൂടെയുണ്ടായിരുന്നവർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുട്ടിയതിനു ശേഷമാണ് ഇവർ ടൂറിസം വകുപ്പിനെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടോടെ പൊന്മുടിയുടെ വനാന്തരങ്ങളിൽ നിന്നും കണ്ടെത്തുകയായിരുന്നു. പൊന്മുടി സ്റ്റേഷനിലെ എസ്.എച്ച്.ഒ വിജയകുമാർ, എ.എസ്.ഐ നസീമുദ്ദീൻ, വിനീഷ് ഖാൻ, സി.പി.ഒ സജീർ, വിനുകുമാർ എന്നിവർ കടുത്ത മൂടൽ മഞ്ഞിനിടയിലും അതിസാഹസികമായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അശോക് കുമാറിനെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലൻസിൽ വിതുരയിലേക്ക് കൊണ്ടുപോയി.