കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാത്ഥിയുടെ പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്തും. കേരള കോൺഗ്രസിലെ തർക്കം തീർത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമാവും രാഹുൽ പാലായിൽ എത്തുക. ഇന്നലെ വൈകുന്നേരം പാലായിൽ ചേർന്ന യു.ഡി.എഫ് ഉന്നത തല യോഗമാണ് രാഹുൽ ഗാന്ധിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഉടൻതന്നെ രാഹുൽ ഗാന്ധിയെ ബന്ധപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ രാഹുലിന്റെ മറുപടി എത്തി; മാണിസാറിന്റെ മണ്ഡലമല്ലേ, ഞാൻ എത്തും എന്ന് മറുപടിയും നൽകി.
സെപ്തംബർ മദ്ധ്യത്തോടെയാവും രാഹുൽ ഗാന്ധി എത്തുകയെന്ന് കോൺഗ്രസിലെ ഒരു ഉന്നത നേതാവ് കേരളകൗമുദിയോട് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. രണ്ടോ മൂന്നോ പ്രചാരണ സമ്മേളനങ്ങളിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കെ.എം.മാണിയുടെ സംസ്കാര ചടങ്ങിൽ പാലായിലെ വീട്ടിലെത്തി രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചിരുന്നു. കൂടാതെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.