plastic

ന്യൂ‌ഡൽഹി: രാജ്യത്തെ സമ്പൂർണമായും പ്ളാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ആദ്യപടിയായി ആറിനം സിംഗിൾ യൂസ് പ്ളാസ്റ്റിക് നിരോധിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നതായി സൂചന. ഗാന്ധി ജയന്തി ദിനമായ ഒക്ടോബ‌ർ 2 ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ആദ്യ പടിയായി ഡിസ്‌‌പോസിബിൾ പ്ളാസ്റ്രിക്കുകൾക്കായിരിക്കും നിരോധനം ഏ‌ർപ്പെടുത്തുക. സിംഗിൾ യൂസ് പ്ളാസ്റ്രിക് കൊണ്ട് നിർമ്മിച്ച സ‌ഞ്ചി, കപ്പ്, പാത്രം, സ്ട്രോ, കുപ്പി, പ്രത്യേകതരം സാഷെകൾ തുടങ്ങിയവയായിരിക്കും ആദ്യഘട്ടത്തിൽ നിരോധിക്കുക. വെളളം–സോഡ കുപ്പികൾ, ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകൾ തുടങ്ങിയവയെല്ലാം സിംഗിൾ യൂസിൽ ഉൾപ്പെടുന്നതാണ്.രാജ്യത്തെ സിംഗിൾ യൂസ് പ്ളാസ്റ്റിക്കിൽ നിന്ന് മുക്തമാക്കാൻ സർക്കാർ ഏജൻസികളും ജനങ്ങളും ഗാന്ധിജയന്തി ദിനം മുതൽ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പറഞ്ഞിരുന്നു.

ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൻെറ 50 ശതമാനത്തിലധികവും സിംഗിൾ യൂസ് ആണ്.

ഇതിൽ 10–13 ശതമാനം പ്ലാസ്റ്റിക് മാത്രമേ പുനരുപയോഗിക്കപ്പെടുന്നുളളൂ. സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കില്ല. വലിച്ചെറിയപ്പെടുന്ന സിംഗിൾ യൂസ് പ്ളാസ്റ്റിക്കിൻെറ ഭൂരിപക്ഷവും ജലാശയങ്ങളിലും കടലിലും അടിയുകയും പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയുമാണ്.

ഇവ വിഘടിച്ച് ഭക്ഷ്യവസ്തുക്കളിലൂടെയും വെളളത്തിലൂടെയും മനുഷ്യശരീരത്തിലേക്കു കടക്കുമെന്ന് വിദഗ്ധർ പറയുന്നു. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെ പൂർണമായും ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇവ നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നിരോധനം ബാധകമാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നിരോധനം മറികടന്ന് ഇവ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്താനും നീക്കമുണ്ട്. എന്നാൽ ജനങ്ങൾക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാനായി ആദ്യത്തെ ആറു മാസം പിഴ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.