തിരുവനന്തപുരം: മോദി സ്തുതിയുടെ പേരിൽ ശശിതരൂരിനെതിരെ നടപടി വേണ്ടെന്ന് കെ.പി.സി.സി നേതൃത്വം തീരുമാനിച്ചു. നേരത്തെ തരൂരിനോട് കെ.പി.സി. സി വിശദീകരണം ചോദിച്ചിരുന്നു. തരൂരിന്റെ വിശദീകരണം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ച ശേഷം തുടർ നടപടിയെടുക്കാമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നത്. എന്നാൽ താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയെ ഏറ്റവും ശക്തമായി വിമർശിച്ച ആളാണ് താനെന്നുമായിരുന്നു തരൂർ കെ.പി.സി.സിക്ക് നൽകിയ വിശദീകരണം.
തരൂരിന്റെ അഭിപ്രായപ്രകടനങ്ങളെ തുടർന്ന് തരൂരിനെ വിമർശിച്ചും അനുകൂലിച്ചും സാമൂഹ്യ മാദ്ധ്യമങ്ങളിൽ കോൺഗ്രസുകാരുടെ ചർച്ചയും സജീവമായിരുന്നു. എന്നാൽ, സംഭവം കൂടുതൽ വഷളാക്കരുതെന്ന നിലപാടായിരുന്നു പല ഘടകകക്ഷി നേതാക്കൾക്കുമുണ്ടായിരുന്നത്. തുടർന്നാണ് നടപടി വേണ്ടെന്ന തീരുമാനത്തിൽ കെ.പി.സി.സി എത്തിയതെന്നാണ് സൂചന.