തിരുവനന്തപുരം: മകൻ മരിക്കാനിടയായ കാറപകടം മന:പൂർവം ഉണ്ടാക്കിയതാണെന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി ആവർത്തിച്ചു. അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കണ്ടെത്തലുകളിലും വിശ്വാസമില്ല. സി.ബി.ഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ. ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ കാര്യങ്ങളിൽ കെ.സി. ഉണ്ണി 'ഫ്ളാഷി'നോട് പ്രതികരിക്കുന്നു:
എന്തിന് കളവ് പറഞ്ഞു
സാമ്പത്തിക ഇടപാടുകളുൾപ്പെടെ സംശയിക്കത്തക്ക സാഹചര്യങ്ങളെല്ലാം ക്രൈംബ്രാഞ്ചിന് നൽകിയ പരാതികളിൽ അക്കമിട്ട് ബോധിപ്പിച്ചിരുന്നു. എന്നാൽ, അതിലൊന്നും മതിയായ അന്വേഷണമുണ്ടായില്ല. പലതിനും ആവശ്യമായ തെളിവുകൾ ലഭിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. പതിനൊന്നുമാസം നീണ്ട അന്വേഷണത്തിൽ കാറോടിച്ചത് അർജുനാണെന്ന് കണ്ടെത്താൻ മാത്രമാണ് അന്വേഷണ സംഘത്തിനായത്. ഇക്കാര്യം മുമ്പ് താനും കുടുംബാംഗങ്ങളും വെളിപ്പെടുത്തിയിരുന്നെങ്കിലും വിശ്വസിക്കാൻ ആരുംകൂട്ടാക്കിയിരുന്നില്ല. വസ്തുത ഇതായിരിക്കെ ചില സാക്ഷികളുടെ സഹായത്തോടെ അപകടസമയത്ത് ബാലുവാണ് വാഹനം ഓടിച്ചതെന്ന് വരുത്തി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളും സംശയാസ്പദമാണ്. അപകടം മന:പൂർവമല്ലെങ്കിൽ സംഭവസമയത്ത് വാഹനം ഓടിച്ചത് താനല്ലെന്ന് അർജുൻ കളവ് പറഞ്ഞതിന്റെ കാരണമെന്താണ്.
പലതും സംശയകരം
സാമ്പത്തിക ഇടപാടുകളുൾപ്പെടെ പലതും ബാലഭാസ്കറിന്റെ മരണത്തിൽ സംശയകരമായുണ്ട്. അർജുന്റെ ബന്ധുവായ പാലക്കാട്ടെ ആയുർവേദ ആശുപത്രിയും ബാലുവുമായുള്ള പണം ഇടപാടുകളാണ് സംശയങ്ങളുടെ അടിസ്ഥാനമെങ്കിലും ഇതേപ്പറ്രി യാതൊന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ആശുപത്രി നടത്തിപ്പുകാരുടെ വാക്കുകൾ കണ്ണടച്ച് വിശ്വസിക്കുകയാണ് അന്വേഷണസംഘം ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സി.ബി.ഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ.
ബാലഭാസ്കറിന്റെ മാനേജർമാരെന്ന് അവകാശപ്പെട്ട് നടന്നവർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐയുടെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുകയാണ്. സാമ്പത്തിക അട്ടിമറി ലക്ഷ്യമിട്ട് അവരുൾപ്പെടെ ചിലരുടെ ഗൂഢാലോചന അപകടത്തിന് പിന്നിലുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞില്ല. ഇത് കണ്ടെത്തിയാലേ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് പിന്നിലെ ദുരൂഹതകളുടെ ചുരുളഴിയൂ. അതിനാലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ നേരിൽകണ്ട് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്. ആവശ്യമായ നടപടി കൈക്കൊള്ളാമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയിലും സർക്കാരിലും തികഞ്ഞ വിശ്വാസമുണ്ട്. ബാലുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണം സർക്കാർ സി.ബി.ഐയ്ക്ക് വിടുമെന്നാണ് പ്രതീക്ഷ.