hoxne-hoard

പുരാതനക്കാലം മുതൽ മനുഷ്യന് ഏറെ വിലപ്പെട്ട ഒന്നാണ് സ്വർണം. പണ്ട് കുഴിച്ചിട്ടതെന്ന് കരുതുന്ന സ്വർണനിധികൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭാഗ്യം നിധിയുടെ രൂപത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് മുന്നിൽ വന്ന് പെട്ടാൽ എന്താകും അവസ്ഥ. അതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഹോക്‌സൻ ഹോർഡ് എന്നറിയപ്പെടുന്ന റോമൻ നിധി പേടകം.

1992ൽ ഇംഗ്ലണ്ടിലെ സഫൊകിലെ ഹോക്‌സൺ ഗ്രാമത്തിൽ പീറ്റർ വാൾട്ടിംഗ് എന്ന കർഷകൻ തന്റെ കാണാതായ ചുറ്റിക കണ്ടെത്താനായി സുഹൃത്തായ എറിക് ലോവ്സിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ പക്കൽ ഒരു മെറ്റൽ ഡിറ്റക്‌ടർ ഉണ്ടായിരുന്നു. വാൾട്ടിംഗിന്റെ കൃഷിയിടത്ത് തന്റെ മെറ്റൽ ഡിറ്റക്ടറിന്റെ സിഗ്നലിന് അനുസരിച്ച് എറിക് പരിശോധന നടത്തി. പക്ഷേ, ചുറ്റികയ്‌ക്ക് പകരം ലഭിച്ചത് മറ്റൊന്നായിരുന്നു. ഒരു വലിയ നിധി പേടകം. ഏകദേശം 60 പൗണ്ട് ഭാരം വരുന്ന നിധിയ്ക്കുള്ളിൽ 15,234 റോമൻ നാണയങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 569 സ്വർണ നാണയങ്ങളും 14,272 വെള്ളി നാണയങ്ങളും 24 വെങ്കല നാണയങ്ങളുമായിരുന്നു. കൂടാതെ നിരവധി അമൂല്യമായ സ്വർ‌ണ, വെള്ളി ആഭരണങ്ങൾ,​ സ്‌പൂണുകൾ,​ പാത്രങ്ങൾ, ശില്‌പങ്ങൾ തുടങ്ങിയ 200 ലേറെ വസ്‌തുക്കളും പേടകത്തിനുള്ളിൽ ഉണ്ടായിരുന്നു.

സി.ഇ 410ൽ റോമൻ സാമ്രാജ്യത്തിൽ നിന്നും ബ്രിട്ടൻ വേർപിരിഞ്ഞ സമയത്തുള്ളതാണ് പെട്ടിയിലുള്ള അമൂല്യ വസ്‌തുക്കൾ എന്ന് പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. അന്ന് അധിനിവേശ സമയത്ത് ധനികർ തങ്ങളുടെ സമ്പാദ്യം മണ്ണിനടിയിൽ കുഴിച്ചിട്ടത്രെ. അതിൽ ഒരെണ്ണമാണ് എറിക് കണ്ടെത്തിയത്. ഇത്തരത്തിൽ 40 ഓളം നിധികൾ ബ്രിട്ടന്റെ പലഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഹോക്‌സൻ ഗ്രാമത്തിൽ കണ്ടെത്തിയ ഈ നിധിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലുത്.

നിധി കണ്ടെത്തിയതിന്റെ പാരിതോഷികമായ ബ്രിട്ടീഷ് ഗവൺമെന്റ് എറികിനും ഭൂമിയുടെ ഉടമയായ പീറ്റർ വാൾട്ടിംഗിനും 1.75 മില്യൺ പൗണ്ട് പാരിതോഷികമായി നൽകി. ഏകദേശം 3.5 മില്യൺ പൗണ്ടിലേറെ വിലമതിക്കുന്ന ഹോക്‌സൻ നിധി ഇപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഉള്ളത്. നിധി കണ്ടെത്താൻ ഹേതുവായ പീറ്റർ വാൾട്ടിംഗിന്റെ കാണാതായ ചുറ്റിക പിന്നീട് കണ്ടെത്തുകയും അത് ബ്രിട്ടീഷ് മ്യൂസിയത്തിന് കൈമാറുകയും ചെയ്‌തു.