കല്ലമ്പലം: പ്ലാവില തോരൻ, പപ്പായ ലഡ്ഡു, വാഴക്കൂമ്പ് കട്ലറ്റ്, ചോറ് കൊണ്ടുള്ള ഹൽവ തുടങ്ങി അടുക്കളയിലെ മാജിക്കിൽ പിറന്ന വിഭവങ്ങൾ അനേകം. നാടെങ്ങും ഫാസ്റ്റ് ഫുഡിന്റെ പിന്നാലെ പായുമ്പോൾ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളുടെ 'രുചിമേളം"ഒരുക്കി മാതൃകയാകുകയാണ് മടവൂർ ഗവ. എൽ.പി സ്കൂൾ.
മടവൂർ ഗവ. സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'രുചിമേളം" ഭക്ഷ്യമേള മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. വൈവിദ്ധ്യമാർന്ന നാടൻ ഭക്ഷണങ്ങളായിരുന്നു മേളയുടെ ആകർഷണം. തനിമയുള്ള പഴയകാല ഭക്ഷണ സംസ്കാരത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റെ ആവശ്യകത മനസിലാക്കിയ മടവൂരിലെ കുട്ടികളെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ മറ്റു സ്കൂളുകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു.
' ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് നാം മാറിയിരിക്കുന്നു. ഇവ നമ്മുടെ ആരോഗ്യത്തിൽ വരുത്തിയ ഗുണദോഷങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഈ ഭക്ഷ്യമേളയ്ക്ക് സാധിച്ചുവെന്ന്' ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് പറഞ്ഞു.
വിവിധതരം ചമ്മന്തികൾ, ഇരുപത്തിയഞ്ചിലധികം പായസങ്ങൾ, പുഴുക്കുകൾ, നാടൻപലഹാരങ്ങൾ, ജ്യൂസുകൾ, അച്ചാറുകൾ, തോരനുകൾ, ചക്കവിഭവങ്ങൾ, ഹൽവകൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന മുന്നൂറോളം രുചിക്കൂട്ടുകളാണ് ഭക്ഷ്യമേളയിൽ അവതരിപ്പിച്ചത്.
വർക്കല എം.എൽ.എ അഡ്വ. ജോയി, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, വാർഡ് മെമ്പർ ലീന, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, എച്ച്.എം. ഇക്ബാൽ, പി.ടി.എ പ്രസിഡന്റ് ബിനുകുമാർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.