gaganyan

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യബഹിരാകാശ യാത്രയിൽ (ഗഗൻയാൻ) സ്ത്രീകളെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു. പരിശീലനത്തിന്റെ പരിമിതിയാണ് കാരണം. യാത്രികരുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച തുടങ്ങും. നവംബറിൽ യാത്രികർ പരിശീലനത്തിനായി റഷ്യയിലേക്ക് പോകും. 2022 ലാണ് മൂന്ന് യാത്രികരുമായി ഗഗൻയാൻ വിക്ഷേപിക്കുക. മൂന്നുപേരും പുരുഷൻമാരായിരിക്കും.

കന്നിയാത്രയ്‌ക്ക് വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാർ മാത്രം മതിയെന്നാണ് തീരുമാനം. സേനയിൽ ഇപ്പോൾ വനിതാ ടെസ്റ്റ് പൈലറ്റ് ഇല്ല. അതുകൊണ്ട് ആദ്യസംഘത്തിൽ സ്ത്രീയുണ്ടാകില്ല.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിൽ വനിതയെ ഉൾപ്പെടുത്താനായിരുന്നു തുടക്കം മുതലുള്ള തീരുമാനം. ഒരു വനിതയെ ഉൾപ്പെടുത്തണമെന്ന് ഇപ്പോഴും ശക്തമായ സമ്മർദ്ദമുണ്ട്. എന്നാൽ അത് വെല്ലുവിളിയാകുമെന്നാണ് പൊതുവേയുണ്ടായ അഭിപ്രായം. ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ച രാജ്യങ്ങളെല്ലാം ആദ്യ യാത്രയിൽ ഉൾപ്പെടുത്തിയത് ടെസ്റ്റ് പൈലറ്റുമാരെ മാത്രമാണ്. ഇതേ നയം സ്വീകരിക്കാനാണ് ഇന്ത്യയുടെയും തീരുമാനം.

1984 ഏപ്രിൽ 2ന് റഷ്യയുടെ സോയൂസ് ടി 11പേടകത്തിൽ ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യൻ സഞ്ചാരി രാകേഷ് ശർമ്മയും ടെസ്റ്റ് പൈലറ്റായിരുന്നു. 1997ൽ അമേരിക്കയുടെ കൊളംബിയ സ്‌പേസ് ഷട്ടിലിൽ സഞ്ചാരിയായിരുന്ന കൽപന ചൗളയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യൻ വനിത. അവരും ടെസ്റ്റ് പൈലറ്റായിരുന്നു.

ഗഗൻയാൻ ദൗത്യത്തിന് സാങ്കേതിക സഹായത്തിനായി ഫ്രാൻസ്, റഷ്യ എന്നിവരുമായി ഐ.എസ്.ആർ.ഒ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതനുസരിച്ച് റഷ്യയിലാണ് യാത്രികർക്ക് പരിശീലനം നൽകുക. മോസ്കോയിൽ ഇൗ മാസം ഇന്ത്യ ലെയ്സൺ ഒാഫീസ് തുറക്കും യാത്രികരുടെ തിരഞ്ഞെടുപ്പ് സെപ്‌തംബർ അവസാനത്തോടെ പൂർത്തിയാകും. അഞ്ച് പേരെയാണ് തിരഞ്ഞെടുക്കുക. ഇവരെല്ലാം പരിശീലനത്തിനും പോകും. മൂന്ന് പേരായിരിക്കും ബഹിരാകാശത്തേക്ക് പോകുക.

10000 കോടിരൂപയാണ് ഗഗൻയാൻ ദൗത്യത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്.