കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവനോടെ മണ്ണിനടിയിലായവർക്കു വേണ്ടി കഴിഞ്ഞ ഇരുപതു ദിവസമായി നടന്നുകൊണ്ടിരുന്ന രക്ഷാപ്രവർത്തനം ഈ ബുധനാഴ്ച അവസാനിപ്പിച്ചു. സമാനമായ ദുരന്തമുണ്ടായ പുത്തുമലയിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ നേരത്തെ അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു.
കവളപ്പാറയിൽ ഇനിയും പതിനൊന്നു പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് ജീവനോടെ രക്ഷപ്പെട്ടവരിൽ നിന്നു ലഭിച്ച വിവരം. തെരച്ചിൽ ഇനിയും തുടരുന്നത് നിരർത്ഥകമാണെന്നു ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് രക്ഷാപ്രവർത്തനം മതിയാക്കിയത്. കവളപ്പാറയിലെ കൂറ്റൻമല ആഗസ്റ്റ് എട്ടിന് ഉച്ചതിരിഞ്ഞ് തകർന്നടിഞ്ഞു താഴേക്കു പതിച്ചപ്പോൾ അടിവാരത്തുണ്ടായിരുന്ന വീടുകളും അവിടെ ഉണ്ടായിരുന്ന മനുഷ്യരും അപ്പാടെ ആർത്തലച്ചെത്തിയ മണ്ണിനടിയിലാവുകയായിരുന്നു. ആയുസ് ശേഷിച്ച കുറേപ്പേർ ദുരന്തത്തിൽ പെടാതെ അദ്ഭുതകരമായി രക്ഷ നേടിയിരുന്നു. നാല്പതടിയോളം പൊക്കത്തിൽ മണ്ണുവീണു കിടന്ന സ്ഥലത്ത് മനുഷ്യർക്കായി അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ദുരന്തനിവാരണ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ ശ്രമകരമായ തെരച്ചിലിൽ പല ദിവസങ്ങളിലായി 48 പേരുടെ ജഡങ്ങൾ വീണ്ടെടുക്കുകയുണ്ടായി. കാണാതായവരുടെ പട്ടികയിൽ ഇനിയും ശേഷിക്കുന്ന പതിനൊന്നു പേരെ മണ്ണിനടിയിൽത്തന്നെ ഉപേക്ഷിക്കാൻ നിർബന്ധിതമാകും വിധം തെരച്ചിൽ അസാദ്ധ്യമായപ്പോഴാണ് ദൗത്യം അവസാനിപ്പിച്ച് അഗ്നിരക്ഷാസംഘം വിങ്ങുന്ന മനസുമായി കവളപ്പാറ നിന്ന് ബുധനാഴ്ച മടങ്ങിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മദ്ധ്യത്തോടെ പ്രളയജലമാണ് അനവധി പേരുടെ ജീവൻ അപഹരിച്ചതെങ്കിൽ ഇക്കുറി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളാണ് ഏറെപ്പേരെ ജീവനോടെ കൂട്ടിക്കൊണ്ടുപോയത്. മുത്തപ്പൻകുന്ന് എന്നറിയപ്പെടുന്ന മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ അൻപത്തൊൻപതു പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെന്ന പോലെ ഈ ദുരന്ത നാളുകളിലും ഹൃദയസ്പർശിയായ ഒട്ടനവധി രംഗങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു. ഉരുൾപൊട്ടലിലും പ്രളയത്തിലും അകപ്പെട്ടവരെ രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലും അവർക്കു വേണ്ട സഹായം എത്തിക്കുന്നതിലും രക്ഷാപ്രവർത്തകരും നാട്ടുകാരും വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഓടിയെത്തിയ പരശ്ശതം ഹൃദയാലുക്കളും അനുഷ്ഠിച്ച വലിയ സേവനം മറക്കാനാവാത്തതാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിലും അവിടേക്ക് ആവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിലും വിദൂരകോണുകളിൽ നിന്നുള്ളവർ വരെ പങ്കാളികളായി. കഴിഞ്ഞ പ്രളയകാലത്ത് കേരളം ലോകത്തിനു മുമ്പിൽ കാഴ്ചവച്ച ഒരുമയുടെയും സ്നേഹവായ്പിന്റെയും പുതിയ പതിപ്പായി മാറി ഈ ദുരന്തകാലത്തെ സമൂഹ കൂട്ടായ്മ. വേദനയുടെയും സഹനത്തിന്റെയും നാളുകളിലാണ് മനുഷ്യർ എല്ലാം മറന്ന് ഒന്നിക്കുന്നതെന്നു പറയാറുണ്ട്. ദുഃഖിതരുടെ കണ്ണീരൊപ്പാൻ ഓടിപ്പാഞ്ഞെത്തിയ മനുഷ്യസ്നേഹികളുടെ എത്രയെത്ര കഥകളാണ് ഈ ദുരന്തകാലം അവശേഷിപ്പിക്കുന്നത്. എല്ലാവരെയും ഈ നാട് എക്കാലവും ഓർക്കുക തന്നെ ചെയ്യും. തിരുവനന്തപുരം കഴിഞ്ഞ വർഷവും ഈ വർഷവും പ്രളയക്കെടുതിയിൽനിന്ന് രക്ഷ നേടിയിരുന്നു. മുൻവർഷത്തെപ്പോലെ ഇക്കുറിയും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി തലസ്ഥാനനഗരി കൈയയച്ച് സഹായവുമായി എത്തി. മേയറുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കളക്ഷൻ സെന്റർ ലോറിക്കണക്കിന് അവശ്യവസ്തുക്കളാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്. അങ്ങേയറ്റം സ്തുത്യർഹമായിരുന്നു മേയറുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ. ഇതുപോലെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഔദ്യോഗിക തലത്തിലും അല്ലാതെയും എത്രയോ കൂട്ടായ്മകൾ ദുരിതബാധിതരെ സഹായിക്കാനായി മുന്നോട്ടു വരികയുണ്ടായി.
കവളപ്പാറയിൽ ഇരുപതുദിവസം നീണ്ടുനിന്ന തെരച്ചിലിൽ പങ്കെടുത്ത അഗ്നിരക്ഷാസേനയുടെ സേവനം നാട്ടുകാർ ഒരുകാലത്തും മറക്കില്ല. അത്രയേറെ പ്രതികൂല സാഹചര്യങ്ങളിലായിരുന്നു അവരുടെ പ്രവർത്തനം. ഉരുൾപൊട്ടിയതിന്റെ പിറ്റേന്നു മുതൽ ദുരന്തമുഖത്ത് അണിനിരന്ന രക്ഷാസേനാംഗങ്ങൾ അത്യദ്ധ്വാനം ചെയ്താണ് മണ്ണുമല നീക്കി ഓരോ ദിവസവും ജഡങ്ങൾ കണ്ടെടുത്തത്. കോരിച്ചൊരിഞ്ഞ മഴയോ പരിസ്ഥിതിയുടെ കാർക്കശ്യമോ ഒന്നും അവരെ തളർത്തിയില്ല. മനുഷ്യർ മാത്രമല്ല യന്ത്രങ്ങൾ പോലും തോറ്റുപോകുന്ന സാഹചര്യങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. പലവിധ പ്രതിബന്ധങ്ങൾക്കിടയിലും ദൗത്യനിർവഹണത്തിൽ പൂർണമായി മനസും ശരീരവും അർപ്പിച്ചുള്ള മഹാസേവനമാണ് അഗ്നിരക്ഷാസേനയിലെ ഓരോ അംഗവും കാഴ്ചവച്ചത്. സംസ്ഥാനത്ത് ഇതിനുമുമ്പ് ഒരിക്കലും ഇത്രയും ദിവസം നീണ്ടുനിന്ന ഒരു രക്ഷാദൗത്യത്തിൽ അഗ്നിരക്ഷാസേനയ്ക്ക് ഏർപ്പെടേണ്ടി വന്നിട്ടില്ല. അത്യധികം വിലപ്പെട്ട ഈ സേവനത്തിന്റെ പേരിൽ സർക്കാരിൽ നിന്ന് ഉചിതമായ പാരിതോഷികം അവർ അർഹിക്കുന്നുണ്ട്.ദുരന്തങ്ങളെ നേരിടാൻ ജനകീയ ദുരന്ത പ്രതിരോധ സേന രൂപീകരിക്കാൻ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചത് സ്വാഗതാർഹമാണ്.
സംസ്ഥാനം ഇന്നോളം ദർശിക്കാത്ത ഒരുപാടു നന്മകൾ കാണിച്ചുകൊണ്ടാണ് ഈ ദുരന്തകാലവും കടന്നുപോകുന്നത്. ജാതി - മതഭേദമില്ലാതെ, ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള വ്യത്യാസമില്ലാതെ മനുഷ്യരെ മനുഷ്യരായി മാത്രം കണ്ട് അന്യോന്യം സഹായഹസ്തവുമായി ആളുകൾ മുന്നോട്ടുവന്നു. ക്ഷേത്രവും പള്ളിയും മസ്ജിദുമൊക്കെ എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആശ്രയമായി. പോത്തുകല്ലിലെ മസ്ജിദുൽ മുജാഹിദ്ദീൻ കമ്മിറ്റിക്കാർ തങ്ങളുടെ പ്രാർത്ഥനാഹാൾ ഉരുൾപൊട്ടലിൽ മരിച്ച മനുഷ്യരുടെ പോസ്റ്റുമോർട്ടത്തിനായി തുറന്നുകൊടുത്തത് വികാരവിക്ഷുബ്ധതയോടെയല്ലാതെ ഓർക്കാനാവില്ല. ആകസ്മികമായ ദുരന്തങ്ങളിൽ എല്ലാ സങ്കുചിത ചിന്തകളും വെടിഞ്ഞ് മനുഷ്യർ ഒരുമയോടെ നിൽക്കുമെന്ന് ഈ ദുരന്തകാലവും കാണിച്ചുതന്നു. ഈ മാനവികത തുടർന്നും കാത്തുസൂക്ഷിക്കുന്നതിലാണ് കേരളത്തിന്റെ ഭാവി കുടികൊള്ളുന്നത്.