nadira

തിരുവനന്തപുരം: പഴമപ്പെരുമയുടെ മറുപേരായ യൂണിവേഴ്സിറ്റി കോളേജിന്റെ ചരിത്രത്തിൽ മറ്റൊരു അദ്ധ്യായം കൂടി. ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നും രണ്ടുപേർ യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശനം നേടി. തിരുവനന്തപുരം മണക്കാട് സ്വദേശി നാദിറയും ആലപ്പുഴ ചേർത്തലയിലുള്ള അരുണിമ മനോഹരനും ഈ കലാലയത്തിൽ ഹാപ്പിയാണ്. അംഗീകാരമല്ല തുല്യതയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്.

തോന്നയ്ക്കൽ എ.ജെ കോളേജിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട് നാദിറ. യൂണിവേഴ്സിറ്റി കോളേജിൽ എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ നാദിറ കവടിയാറിൽ സുഹൃത്തുക്കൾക്കൊപ്പമാണ് താമസം. ട്രാൻജെൻഡർ സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിയ്ക്കുന്നതെന്നും കോളേജിലെ വനിതാകബഡി ടീം അംഗം കൂടിയായ നാദിറ പറയുന്നു. രാഷ്ട്രീയ രംഗത്തും സജീവമായ നാദിറ സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനത്തിനാണ് അരുണിമ ഇവിടെ എത്തിയത്. ഓണാഘോഷത്തിനായുള്ള തിരുവാതിരക്കളി പരിശീലിക്കുകയാണ് ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയും കഞ്ഞിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയായ അരുണിമ. കൂട്ടുകാർ എല്ലാകാര്യത്തിനും സഹായത്തിനായി കൂടെ തന്നെയുണ്ടെന്ന് അരുണിമ പറയുന്നു. ഭരണ കർത്താക്കൾ ലിംഗ സമത്വത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദനം നൽകുന്നതാണെന്ന് അരുണിമ പറയുന്നു.

കേരളത്തിൽ ആറ് വിദ്യാർത്ഥികളാണ് ട്രാൻജെൻഡർ സമൂഹത്തിൽ നിന്നും കോളേജ് പ്രവേശനം നേടിയത്. കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാർത്ഥിനി അവന്തികയാണ് കേരളത്തിൽ ആദ്യമായി കോളേജിൽ പ്രവേശനം നേടിയ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനി.