train

ബീജിംഗ്: കല്യാണം കഴിക്കാത്ത യുവതീ യുവാക്കൾക്ക് മാത്രമായി ഒരു ട്രെയിൻ. അതിൽ എല്ലാവിധ ആധുനിക സെറ്റപ്പുകളുമുണ്ട്. യാത്രക്കാർക്ക് ഇടകലർന്നിരിക്കാം, ഒരുമിച്ച് ഭക്ഷണം കഴിക്കാം തമാശകൾ പൊട്ടിക്കാം...രണ്ടുദിവസം ശരിക്കും അറുമാതിക്കാം. ആഹാ,എന്തുരസം അല്ലേ?(പ്രത്യേകം ശ്രദ്ധിക്കുക- അരുതാത്ത തലത്തിലേക്ക് നീങ്ങിയാൽ ട്രെയിനിൽ നിന്ന് പുറത്താവുകയും ജയിലിന് അകത്താവുകയുംചെയ്യു ).

ചൈനീസ് അധികൃതരാണ് നായപൈസ ചെലവില്ലാത്ത ഇൗ സ്പെഷ്യൽ ട്രെയിൻയാത്ര ഒരുക്കുന്നത്. വിവാഹംകഴിക്കാതെ ഒറ്റയ്ക്കുതാമസിക്കുന്ന യുവതീയുവാക്കൾക്ക് യോജിച്ച ഇണകളെ കണ്ടെത്താൻ സഹായിക്കുകയും അതിലൂടെ അവരെ കുടുംബജീവിതത്തിലേക്ക് നയിക്കുകയുമാണ് ലക്ഷ്യം. മൂന്നുവർഷംമുമ്പാണ് സ്പെഷ്യൽ സർവീസ് ആരംഭിച്ചത്.

സ്പെഷ്യൽ ട്രെയിനിന് ആകെ പത്ത്ബോഗികളാണ്. പ്രണയിനികൾക്കുവേണ്ടിയുള്ള ട്രെയിൻ എന്നാണ് പേരിട്ടിരിക്കുന്നത്. ആയിരംപേരാണ് ഇത്തവണത്തെ യാത്രയ്ക്കുണ്ടായിരുന്നത്. യാത്രകഴിഞ്ഞപ്പോൾ ഇതിൽ പകുതിയിൽക്കൂടുതലും കമിതാക്കളായി. പത്തുപേർ വിവാഹിതരുമായി. യാത്രയുടെ അവസാനം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കിടിലൻ പാർട്ടിയും ദൃശ്യവിസ്മയങ്ങളും ഒരുക്കും. പ്രണയിക്കാനുള്ള അന്തരീക്ഷം പരമാവധി ഒരുക്കുകതന്നെ ലക്ഷ്യം.

ചൈനയിൽ യുവജനങ്ങൾക്കിടയിൽ വിവാഹത്തിനോടും കുടുംബജീവിതത്തോടുമുള്ള താത്പര്യം കുറയുകയാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുതന്നെയാണ് ഇതിന് കാരണം. യുവജനങ്ങളുടെ ഇൗ മനോഭാവം ഗുരുതപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ഇത്തരം നടപടികൾ അധികൃതർ ആരംഭിച്ചത്.