coir

തിരുവനന്തപുരം: കയർ മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്നും തൊഴിലാളികൾക്ക് മിനിമം വേതനം അനുവദിക്കണമെന്നും മേഖലയെ പുനരുദ്ധരിക്കാനാവശ്യമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കണമെന്നും എൻ.സി.പി ദേശീയ വർക്കിംഗ് കമ്മി​റ്റി അംഗം വർക്കല ബി. രവികുമാർ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർ സഹകരണ സംഘം ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിരമിച്ച ജീവനക്കാർക്ക് മുഴുവൻ ഗ്രാറ്റുവിറ്റിയും നൽകുക, പെൻഷൻ പദ്ധതി അടിയന്തരമായി നടപ്പിലാക്കുക, ശമ്പള ഘടന പരിഷ്കരിക്കുക, മിനിമം വേതനം 18000 രൂപയാക്കുക, മാനേജീരിയൽ സബ്സിഡി ഇരട്ടിയാക്കുക, കയർ സംഘം ജീവനക്കാർക്ക് ഡി.എ നൽകുക, സമ്പൂർണ മെക്കനൈസേഷൻ നടപ്പിലാക്കുന്നത് വരെ എല്ലാ ജീവനക്കാർക്കും മാനേജീരിയൽ അസിസ്റ്റൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം. യൂണിയൻ ചെയർമാൻ നന്ദിയോട് ബി. സുഭാഷ്ചന്ദ്രൻ അദ്ധ്യക്ഷനായി. മുൻ മന്ത്റി ബാബു ദിവാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, എൻ. തങ്കമ്മ, എസ്. അശോകൻ, അനിൽ മാടൻവിള, പനത്തുറ പുരുഷോത്തമൻ, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.