തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നേരത്തേ എടുത്ത നിലപാടിൽ തന്നെയാണ് സർക്കാർ ഇപ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സുപ്രീംകോടതി ഒന്ന് പറഞ്ഞു, അത് നടപ്പാക്കാൻ സർക്കാർ തയ്യാറായി. സുപ്രീംകോടതി മാറ്റിപ്പറഞ്ഞാൽ അതും അനുസരിക്കും. ഇത് നേരത്തേ വ്യക്തമാക്കിയതാണ്. അവിടെത്തന്നെയാണിപ്പോഴും നിൽക്കുന്നത്.
എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പം നിന്നിട്ടുള്ള പാർട്ടിയാണ് സി.പി.എം. പാർട്ടിവേദികളിൽ തന്നെ അത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലവിഷയം നിലനിന്ന സമയത്ത് അതിന്റെ കാര്യങ്ങൾ വിശദീകരിക്കാനായി വിവിധ റാലികളിൽ സംബന്ധിച്ചപ്പോൾ ഞാൻ സംസാരിച്ചതെന്താണെന്ന് നോക്കിയാൽ കാര്യം മനസിലാവും. ഞങ്ങൾ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണ് ഞങ്ങളുടെ പാർട്ടിയും മുന്നണിയും. എന്നാൽ ചിലർ വിശ്വാസികളുടെ അട്ടിപ്പേറ് അവകാശികളാണെന്ന് പറഞ്ഞ് നിൽക്കുന്നുണ്ടല്ലോ. അവർ ഞങ്ങൾ വിശ്വാസികൾക്കെതിരാണെന്ന് തിരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കാൻ നോക്കി. ആ പ്രചാരണം ഉയർന്നുവന്നപ്പോൾ അതിനെ നേരിടുന്നതിൽ ആ ഘട്ടത്തിൽ ഞങ്ങൾക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ല.
ശബരിമലയുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രചാരണവും നടത്താനില്ല. നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഏർപ്പെടുത്തുമെന്നുമൊക്കെ പറഞ്ഞവരുണ്ടല്ലോ. കേന്ദ്രസർക്കാരിന്റെ വക്താക്കളായവരും കേന്ദ്രമന്ത്രിമാരുമെല്ലാം ഇപ്പോൾ പരസ്യമായി പറയുന്നത് നിയമം കൊണ്ടുവരാനാവില്ല എന്നല്ലേ. അതൊരു തരത്തിൽ അവരെ വിശ്വസിച്ചയാളുകളെ വഞ്ചിക്കലല്ലേ. ഞങ്ങൾക്ക് അതുകൊണ്ട് പ്രത്യേക ക്ഷീണമൊന്നും സംഭവിക്കാനില്ല. രാജ്യത്തെ ഭരണഘടനയനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാനാവൂ.
വനിതാമതിൽ ലോകം ശ്രദ്ധിച്ച വനിതാമുന്നേറ്റമായിരുന്നു. അതിനെതിരായ ഈർഷ്യയും ഇഷ്ടക്കേടും മനസിൽവച്ചവർ തുടക്കത്തിലേ ഉണ്ടായിട്ടുണ്ട്. അതിന് തൊട്ടുപിന്നാലെ രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ, ദുഷ്പ്രചാരണം നടത്തുന്നവർക്ക് അതുപയോഗിക്കാനായി. മതിൽ വിജയിച്ചുകൂടാ എന്ന് കരുതിപ്പോന്നവർ അതെടുത്തുപയോഗിച്ചു. നേരത്തേ മുതൽ സ്ത്രീകളവിടെ പ്രവേശിക്കരുതെന്ന് മനസിലുള്ളവരുണ്ട്. മാദ്ധ്യമങ്ങളും അതിന് സഹായിച്ചു.