കോവളം: മൺമറയുന്ന കേരളത്തിന്റെ കർഷക സംസ്കാരം മുറുകെ പിടിച്ച് ഏവർക്കും അനുകരണീയ മാതൃകയാവുകയാണ് സ്വാമി ബോധിതീർത്ഥ. കുന്നുകൾക്കും പാറകൾക്കുമിടയിൽ കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ചു നിൽക്കുന്ന പാവലും വെണ്ടയും പയറും ചീരയുമൊക്കെയായി വലിയൊരു പച്ചക്കറി തോട്ടത്തിൽ തിരക്കിലാണ് സ്വാമി. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭൂമിയിലാണ് കൃഷി ചെയ്യുന്നത്.
ഒരു വശത്ത് ഇരുപതോളം ഗോക്കളും മറ്റൊരു ഭാഗത്ത് പൂക്കളുമുണ്ട്. പാറകൾ നിറഞ്ഞ പടിഞ്ഞാറൻ വശത്ത് പ്രധാനമായും കൃഷിയാണ്. പയർ, ചീര, പാവൽ, വെണ്ട, തക്കാളി, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, അമര, കോവൽ, കുമ്പളം, വഴുതന, കാബേജ് എന്നു വേണ്ട പ്ലാവും മാവും പുളിയും പേരയും സപ്പോട്ടയും കൂടാതെ ഔഷധ സസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടത്തിൽ കാച്ചിലിനും ചേമ്പിനുമൊക്കെ ഇടം നൽകിയിട്ടുണ്ട്. അന്യം നിന്നു പോകുന്ന നാടൻ രുചികളെ തിരികെ കൊണ്ടുവരണമെന്നാണ് സ്വാമിയുടെ ആഗ്രഹം. അത് കൂടുതൽ ആളുകളിലേക്കെത്തിക്കുന്നതിനായി നടാനും മറ്റുമായി ഇവിടെനിന്ന് കാച്ചിലൊക്കെ പലർക്കും കൊടുത്തുവിടും. രാസവളങ്ങളൊന്നും ഉപയോഗിക്കാറില്ല. ജൈവകൃഷി രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ചാണകമാണ് പ്രധാന വളം. ക്ഷേത്രം വക പാറമടകളിലെ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കീടങ്ങളെ അകറ്റാൻ ഇടയ്ക്ക് ഗോമൂത്രം തളിച്ചു കൊടുക്കുകയും വേപ്പിൻപിണ്ണാക്കും നിലക്കടല പിണ്ണാക്കും കുതിർത്ത് നാല് ദിവസം വെച്ച ശേഷം ഉണ്ടാകുന്ന തെളിയും ഉപയോഗിക്കുന്നുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ദിവസവും രണ്ടര മണിക്കൂർ നേരം കൃഷി പരിപാലനത്തിനായി മാറ്റിവയ്ക്കും. രാവിലെ ഏഴര മുതൽ എട്ടര വരെ നനയ്ക്കലും വിളവെടുക്കലും പുല്ലുപറിക്കലും വൃത്തിയാക്കലുമെല്ലാം ഉണ്ടാകും. കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർക്കും കൃഷി കാണണമെന്നുള്ളവർക്കും ഇവിടേക്ക് വരാം. കൃഷിയും കൃഷിഭൂമിയും ഇല്ലാതായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് പാറയെ മണ്ണാക്കി കൃഷിയിൽ വിജയിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച കർഷകനും ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പറും കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ആൻഡ് മഠം സെക്രട്ടറിയുമാണ് സ്വാമി ബോധിതീർത്ഥ.
കൃഷിയിടം കാണാൻ മന്ത്രി എത്തും
ഇക്കഴിഞ്ഞ ജൂലായ് 25 ന് കേരളത്തിലെ പ്രശസ്തരായ കൃഷി ശാസ്ത്രജ്ഞന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ദിവസത്തെ സെമിനാർ ശിവഗിരിയിൽ സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി വി.എസ്. സുനിൽകുമാർ സ്വാമിയുടെ കൃഷിയെക്കുറിച്ച് അറിയാനും കുന്നുംപാറ സന്ദർശിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.