sajikuamar-saju-anand

കുഴിത്തുറ: മാർത്താണ്ഡത്തിനു സമീപം ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട കൊട്ടേഷൻ സംഘം പിടിയിൽ. ചിതറാൽ താരവിള സ്വദേശി ചെല്ലന്റെ മകൻ ശാന്തകുമാറിനെ (40) തട്ടിക്കൊണ്ടു പോയി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് മാർത്താണ്ഡം പാകോട് മരുതാണിവിളവീട്ടിൽ സുനിൽകുമാർ (30), പാറശാല വേട്ടുവിള പുത്തൻക്കട മുരുഗൻകരയിൽ ആനന്ദ് (27), പാറശാല കരുമാനൂർ ചന്ദനക്കട്ടി സജി നിവാസിൽ സജികുമാർ (24), പാറശാല അയക്കര ചൂരക്കുഴി ലീലാഭവനിൽ സജിൻ (30) എന്നിവരെ മാർത്താണ്ഡം പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ബുധനാഴ്ച വൈകിട്ട് 6ന് സുനിൽ ശാന്തകുമാറിന്റെ ഭാര്യ രാധയുടെ ഫോണിലേക്ക് വിളിച്ച് ശാന്തകുമാർ തങ്ങളുടെ കസ്റ്റഡിയിലാണെന്നും മോചന ദ്രവ്യമായി അമ്പതിനായിരം രൂപ രാത്രി 10ന് ആലുവിളയിൽ എത്തിച്ചില്ലെങ്കിൽ കൊലചെയ്യുമെന്നും പറഞ്ഞു. ഈ വിവരം ഉടൻ തന്നെ രാധ മാർത്താണ്ഡം പൊലീസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്ന് തക്കല ഡിവൈ.എസ്.പി കാർത്തികേയന്റെ നിർദ്ദേശാനുസരണം മാർത്താണ്ഡം എസ്.എ ശിവശങ്കറിന്റെ നേതൃത്വത്തിൽ എസ്.എസ്.ഐ ഡേവിഡ്, സിവിൽ പൊലീസ് ക്രിസ്റ്റഫർ, കോൺസ്ട്രബിൾ ജസ്റ്റിൻ എന്നിവർ ചേർന്ന സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. രാധയ്ക്ക് പൊലീസ് നൽകിയ നിർദ്ദേശപ്രകാരം രാധ സുനിലിനെ വിളിക്കുകയും ബന്ധുവഴി സ്വർണം പണയംവച്ച് പണവുമായി ആലുവിളയിൽ വരുമെന്ന് അറിയിച്ചു. തുടർന്ന് പണംനൽകാനെത്തിയതെന്ന വ്യജേനെയാണ് പ്രതികളെ കുടുക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സംഭവത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

പാളയംകോട്ട ജയിലിൽ വച്ച് ഷാജിൻ എന്ന ആളിൽ നിന്നാണ് സുനിലിന് ഈ കൊട്ടേഷൻ ലഭിക്കുന്നത്. പ്രേമാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഷെർമിൻ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച ആളാണ് ഷാജിൻ. 2010ലാണ് സംഭവം. ശാന്തകുമാറിന്റെ അടുത്ത ബന്ധുവാണ് ഷെർമിൻ. അന്ന് ശാന്തകുമാർ സാക്ഷി പറഞ്ഞതിനാലാണ് തനിക്ക് ശിക്ഷ ലഭിച്ചതെന്ന് ഷാജിൻ സുനിലിനോട് പറഞ്ഞു. അതിനാൽ ശാന്തകുമാറിനെ കൊലപ്പെടുത്തിയാൽ 2 ലക്ഷം രൂപ നൽകാമെന്ന് ഷാജിൻ വാഗ്ദാനം നൽകി. തുടർന്ന് സുനിൽ മറ്റ് പ്രതികളായ ആനന്ദ്, സജികുമാർ, സജിൻ എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും ശാന്തകുമാറിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. കൊലക്കേസിൽ പ്രതിയാകുന്നത് ഭയന്നാണ് ഇവർ കൊലപ്പെടുത്താത്തത്. തുടർന്നാണ് മോചന ദ്രവ്യമായി ഭാര്യയിൽ നിന്ന് തുക ആവശ്യപ്പെട്ടത്. പ്രതികളെ റിമാൻഡ് ചെയ്തു. സുനിൽ കുമാറിന്റെ പേരിൽ ജില്ലയിലെ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.