തിരുവനന്തപുരം: സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപികമാരെയും പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയിലെത്തിക്കുന്നത് കുസുമം ആർ. പുന്നപ്ര നടത്തിവരുന്ന പോരാട്ടത്തിന്റെ ഫലമാണ്. പ്രസവ അവധികഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഇനി ജോലിയും പോകില്ല. ഇതുൾപ്പെടുത്തിയുള്ള നിയമഭേദഗതി വരുത്താനാണ് ഇന്നലെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. കെൽട്രോണിലെ മുൻ ജീവനക്കാരിയായ കുസുമം നടത്തുന്ന പോരാട്ടത്തിന്റെ മൂന്നാമത്തെ വിജയമാണിത്.
സ്വാശ്രയ സ്ഥാപനങ്ങളിലെ ഒാഫീസ് ജീവനക്കാർക്ക് ആറുമാസത്തെ പ്രസവാവധി ലഭിക്കുമെങ്കിലും അദ്ധ്യാപികമാർക്ക് അത് കിട്ടിയിരുന്നില്ല. അതിനെതിരെയാണ് കുസുമം പോരാട്ടത്തിനിറങ്ങിയത്. സ്വാശ്രയ മെഡിക്കൽ കോളേജുകൾ, എൻജിനിയറിംഗ് കോളേജുകൾ, നഴ്സിംഗ് സ്ഥാപനങ്ങൾ, സ്കൂളുകൾ തുടങ്ങി സംസ്ഥാനത്തെ മുന്നൂറിലേറെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വനിതകൾക്കാണിതിന്റെ പ്രയോജനം ലഭിക്കുക. മൂന്ന് വർഷംമുമ്പ് തൃശ്ശൂരിലെ മദേഴ്സ് നഴ്സിംഗ് കോളേജിലെ അദ്ധ്യാപികമാർക്ക് പ്രസവാവധി നൽകാതിരുന്നതിനെതിരെ ലേബർ ഒാഫീസിൽ പരാതി നൽകികൊണ്ടാണ് കുസുമം വിഷയം ഏറ്റെടുത്തത്. അന്ന് തൃശ്ശൂർ ജില്ലാ ഓഫീസർ പ്രശ്നത്തിന് അനുകൂല പരിഹാരമുണ്ടാക്കിയെങ്കിലും സംസ്ഥാനത്തെ എല്ലാവർക്കും ആനുകൂല്യം ലഭിക്കുമായിരുന്നില്ല. അത് നേടിയെടുക്കുന്നതിനാണ് കുസുമം രംഗത്തിറങ്ങിയത്. ഹൈക്കോടതി അഭിഭാഷകൻ ഹസന്റെ സഹായത്തോടെ നിയമഭേദഗതി നിർദ്ദേശം തയ്യാറാക്കി 2017 ജനുവരിയിൽ കുസുമം തൊഴിൽ മന്ത്രിക്ക് നൽകിയിരുന്നു.
കുസുമത്തിന്റെ പോരാട്ടം
ടെക്നോപാർക്ക് ഐ.ടി.കമ്പനികളിലെ ജീവനക്കാരികൾക്ക് പ്രസവാവധിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നടത്തിയ പോരാട്ടമാണ് കുസുമത്തെ ശ്രദ്ധേയയാക്കിയത്. പത്തും പന്ത്രണ്ടും മണിക്കൂർ ജോലിയെടുക്കേണ്ടിവരുന്ന ഐ.ടി. കമ്പനികളിൽ സ്ത്രീകൾക്ക് ആറുമാസത്തെ പ്രസവാവധിയുണ്ടായിരുന്നില്ലെന്നുമാത്രമല്ല, പ്രസവം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. കുട്ടികളെ നോക്കാൻ ശിശുസംരക്ഷണ കേന്ദ്രങ്ങളോ ഡെകെയറുകളോ ഉണ്ടായിരുന്നില്ല. ഇതിനെതിരെ മനുഷ്യാവകാശകമ്മിഷനിൽ നൽകിയ പരാതിയിൽ അനുകൂല വിധിയുണ്ടായി. കമ്പനികൾ അത് അവഗണിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് നിയമം 1961 ൽ മാറ്റി. ഇത് മറികടക്കാൻ അവധിയെടുക്കുന്ന സ്ത്രീജീവനക്കാരെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റുന്ന നടപടിയാണ് കമ്പനികളിൽനിന്നുണ്ടായത്. ഇതിനെതിരെ സുപ്രീം കോടതിയിൽ വരെ നീണ്ട പോരാട്ടം നടത്തിയാണ് കുസുമം വിജയം നേടിയത്. തുടർന്ന് കേന്ദ്രസർക്കാർ 1948 ലെ ഇ.എസ്.ഐ നിയമത്തിൽ ഭേദഗതി വരുത്തി. ഇതോടെ ഐ.ടി. സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് ഇന്ത്യയിലെവിടെയും ആറുമാസത്തെ പ്രസവാവധി ലഭിക്കുമെന്ന സ്ഥിതിവന്നു. 20 സ്ത്രീജീവനക്കാരുള്ള സ്ഥാപനങ്ങളുടെ തൊട്ടടുത്ത് ശിശുസംരക്ഷണ കേന്ദ്രങ്ങളും വന്നു.
ആരാണ് കുസുമം?
കെൽട്രോണിലെ ജീവനക്കാരിയായിരുന്ന കുസുമം ആലപ്പുഴയിലെ പുന്നപ്ര നിന്ന് ഭർത്താവ് രാമചന്ദ്രൻ നായർക്കൊപ്പം തിരുവനന്തപുരത്തേക്കു താമസം മാറിയത് വർഷങ്ങൾക്കുമുമ്പാണ്. എൻജിനിയറിംഗ് ബിരുദധാരികളായ മക്കൾ ഐ.ടി കമ്പനികളിലേക്കു ചേക്കേറിയതോടെയാണ് അവിടത്തെ പ്രശ്നങ്ങളെക്കുറിച്ചു കുസുമം കേട്ടുതുടങ്ങിയത്. ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന മകളുടെ ജീവിതത്തിൽനിന്ന് അവിടത്തെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തൊട്ടറിഞ്ഞു. സർക്കാർ ജോലിയിലിരിക്കുമ്പോൾ പ്രതികരിക്കുന്നതിനുള്ള പരിമിതികളെക്കുറിച്ച് അറിയാവുന്ന കുസുമം കാത്തിരുന്നു- 2012 ൽ വിരമിക്കുന്നതുവരെ. തുടർന്ന് ഐ.ടി മേഖലയിലെ തൊഴിൽ നിയമങ്ങൾ നന്നായി പഠിച്ചുകൊണ്ടാണ് പോരാട്ടത്തിനിറങ്ങിയത്.