നെയ്യാറ്റിൻകര: വികസനം ഇതുവരെ എത്തിനോക്കാത്ത റെയിൽവേസ്റ്റേഷനാണ് നെയ്യാറ്റിൻകരയിലേത്. തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്ക് ട്രേയിൻ സർവീസ് തുടങ്ങിയപ്പോൾ നിർമ്മിച്ച റെയിൽവേ സ്റ്റോഷനിൽ ഇല്പം മിനുക്ക് പണികളും ഒരു ഫ്ലൈഓവറും നിർമ്മിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം പഴയകാലത്തെപ്പോലെ തന്നെ. റെയിൽവേസ്റ്റേഷന് ഇരുവശവും കാടും പടർപ്പുമേറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. നേമം മുതൽ നാഗർകോവിൽ വരെ രണ്ട് വരി പാതയാക്കുമെന്ന സതേൺറെയിൽവേയുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കളിയിക്കാവിള, പാറശാല, ഉദിയൻകുളങ്ങര, നെയ്യാറ്റിൻകര ഭാഗത്തുനിന്നായി പതിനായിരക്കണക്കിന് യാത്രക്കാരാണ് ദിനവും ഇതുവഴിയുള്ള ട്രേയിൻസർവീസിനെ ആശ്രയിച്ച് കഴിയുന്നത്. എന്നാൽ നെയ്യാറ്റിൻകരയിൽ സ്റ്റോപ്പുള്ള രണ്ട് ട്രേയിൻമാത്രമാണ് നിലവിലുള്ളത്, രാവിലെ എട്ടരയ്ക്കും ഒൻപത് പത്തിനും.
ട്രെയിൻ യാത്രക്കാർക്കായി രാവിലെ കൂടുതൽ പാസഞ്ചർ ട്രെയിനുകളും രാവിലെയുള്ള മറ്റ് ട്രെയിൻ സർവീസുകളിൽ കൊച്ചുവേളി വരെ കൂടുതൽ അൺറിസർവേർഡ് ബോഗികളും അനുവദിക്കണമെന്ന ട്രെയിൻ യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ട്രെയിൻ വൈകിയാൽ ഇവിടുത്തെ യാത്രക്കാർ പെട്ടതുതന്നെ. കാരണം ഒന്ന് വിശ്രമിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇവിടെ ഒരു വിശ്രമ മുറി ഇല്ല. മണിക്കൂറുകൾ വൈകി വരുന്ന ട്രെയിനും കാത്ത് പ്ലാറ്റ്ഫോമിൽ തന്നെ യാത്രക്കാർ കാത്ത് കിടക്കണം. രാത്രികാലങ്ങളിലെ ഈ കാത്തിരിപ്പ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. പൊതുസ്ഥലത്തിരുന്നാണ് അമ്മമാർ കുട്ടികൾക്ക് മുലയൂട്ടുന്നത്. സതേൺ റെയിൽവേയുടെ തമിഴ്നാട് ഭാഗത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളിൽ പോലും വിശ്രമമുറിയും മറ്റ് സൗകര്യങ്ങളുമുള്ളപ്പോൾ ഏറ്റവും കൂടുതൽ കളക്ഷനുള്ള നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷനിലാണ് ഈ അവസ്ഥ.
എല്ലാ റെയിൽവേ സ്റ്റേഷനിലും ടോയ്ലെറ്റ് സംവിധാനം വേണമെന്നിരിക്കെ ഇവിടുത്തെ ടോയ്ലെറ്റ് യാത്രക്കാർക്ക് ഒരു ഉപയോഗവുമില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ടോയ്ലെറ്റ് സംവിധാനം ഇവിടെയുണ്ടെങ്കിലും ജലവിതരണം ഇല്ലെന്നപേരിൽ ഇവ രണ്ടും പൂട്ടിയിട്ടിരിക്കുകയാണ്.
ഏതാണ്ട് മറ്റെല്ലാ റെയിൽവേ സ്റ്റേഷനിലും യാത്രക്കാർക്കായി ടോയ് ലെറ്റ് സംവിധാനമുള്ളപ്പോൾ നെയ്യാറ്റിൻകരയിൽ മാത്രം ടോയ് ലെറ്റില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ടോയ് ലെറ്റ് നിർമ്മിച്ചിട്ടുണ്ടെങ്കിലും ജലവിതരണം ഇല്ലാത്തതിനാൽ ഇവ പൂട്ടിയിട്ടിരിക്കുകയാണ്.