pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഇതേവരെയുള്ള പ്രവർത്തനങ്ങൾ വച്ച് നോക്കുമ്പോൾ പാലാ ഉപതിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി സർക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നല്ല ഫലമുണ്ടാക്കാൻ കഴിയും. നല്ല ആത്മവിശ്വാസത്തോടെയാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏത് തിരഞ്ഞെടുപ്പിലും ഭരണത്തിന്റെ വിലയിരുത്തലാണുണ്ടാവുക. സംസ്ഥാന നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പായത് കൊണ്ടുതന്നെ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വച്ചാണ് ജനങ്ങൾ നിലപാടെടുക്കുക.

യു.ഡി.എഫ് വിജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് പാലാ. എന്നിരുന്നാലും ഒരാശങ്കയുമില്ല. എന്തായാലും അവിടെ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തപ്പെടുകയും തങ്ങൾക്ക് അനുകൂലമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റതിന് ഒരുപാട് കാരണങ്ങളുണ്ട്. ആ തിരഞ്ഞെടുപ്പിൽ പ്രത്യേക രീതിയിലുള്ള വികാരം നാട്ടിലുയർന്നു വന്നതിന്റെ ഫലമായാണ് യു.ഡി.എഫിന് അത്രയും സീറ്റുകൾ കിട്ടാനിടയായത്. അത് ലോക്‌സഭാ സീറ്റിന്റെ കാര്യത്തിൽ മാത്രമുണ്ടായതാണ്. അത് കണ്ടിട്ട് എല്ലാറ്റിനും അത് ബാധകമാകുമെന്ന് ആരും ചിന്തിക്കേണ്ട.