pinarayi-

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രകൃതിലോല പ്രദേശങ്ങളിലടക്കമുള്ള ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാൻ വിദഗ്‌ദ്ധസമിതിയെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിസ്ഥിതിലോല മേഖലയിലെ താമസം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയും പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജലവിഭവ എൻജിനിയറിംഗ് വിദഗ്‌ദ്ധൻ കൂടിയായ സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി. സുധീറാണ് സമിതി കൺവീനർ. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ചെന്നൈ ഐ.ഐ.ടി, ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിൽ സീനിയർ ത‌സ്‌തികയിലുണ്ടായിരുന്നവർ, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് തയ്യാറാക്കാൻ സമിതിക്ക് ആവശ്യമെങ്കിൽ ദേശീയ, അന്തർദ്ദേശീയ വിദഗ്‌ദ്ധരുമായി ആശയവിനിമയം നടത്താം.

സമിതി പരിഗണിക്കുന്നവ

 അതിതീവ്രമഴയ്‌ക്കും അനുബന്ധദുരന്തങ്ങൾക്കുമുള്ള കാരണങ്ങൾ പ്രേരണാഘടകങ്ങൾ.

 തീവ്ര മണ്ണിടിച്ചിൽ സാദ്ധ്യതാപ്രദേശങ്ങളെ സൂചിപ്പിക്കുന്ന രീതിയും സൂചകങ്ങളും പരിശോധിക്കുക

 ദുരന്തങ്ങളും അനന്തരഫലങ്ങളും കുറയ്‌ക്കാൻ പരിഹാര നടപടി നിർദ്ദേശിക്കുക.

 പ്രളയമുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിച്ച് ദുരന്തം കുറയ്‌ക്കാൻ പരിഹാര നടപടി നിർദ്ദേശിക്കുക

 ഭൂവിനിയോഗം ദുരന്താഘാതശേഷി താങ്ങാനുള്ളതാക്കാൻ നിർദ്ദേശിക്കുക.

'കഴിഞ്ഞ പ്രളയത്തിന് ശേഷം ബിൽഡ് ബാക്ക് ബെറ്റർ എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് നടപ്പാക്കുന്നുണ്ട്. ഇതിനായി ഡച്ച് സാങ്കേതിക വിദഗ്‌ദ്ധരുമായി ആശയവിനിമയം നടത്തി റൂം ഫോർ റിവർ പ്രോജക്ട് പോലുള്ള പരിപാടികൾ നടപ്പാക്കിവരുന്നു. ഇതിന്റെ പുരോഗതിയും സർക്കാർതലത്തിൽ വിലയിരുത്തുന്നുണ്ട്".

- മുഖ്യമന്ത്രി പിണറായി വിജയൻ