തിരുവനന്തപുരം: രണ്ടു ബോട്ടുകളിൽ പാകിസ്ഥാൻ കമാൻഡോകൾ ഇന്ത്യൻ സമുദ്രാതിർത്തിയിൽ കടന്നതായ മുന്നറിയിപ്പിനെത്തുടർന്ന് കേരളത്തിനും കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചെന്നും കേന്ദ്രസേനകളുമായി ചേർന്ന് കടലിൽ പട്രോളിംഗ് നടത്തുകയാണെന്നും തൃശൂരിലടക്കം സംശയാസ്പദമായ ബോട്ടുകൾ പിടികൂടി പരിശോധിച്ചെന്നും തീരദേശപൊലീസ് മേധാവി കെ.പദ്മകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട്ട് കുമ്പള വരെയുള്ള 595 കിലോമീറ്റർ തീരമേഖലയിൽ ജാഗ്രത പ്രഖ്യാപിക്കുകയും 74 കടലോര ജാഗ്രതാസമിതികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദ്ദേശം കൈമാറുകയും ചെയ്തു.
കോസ്റ്റ്‌ഗാർഡും കോസ്റ്റൽപൊലീസും കടൽവഴിയുള്ള നുഴഞ്ഞുകയറ്റ സാദ്ധ്യത വിലയിരുത്തി. നിരീക്ഷണം ശക്തമാക്കി. കൊച്ചിയിലെ നാവിക ആസ്ഥാനത്ത് ജോയിന്റ് ഓപ്പറേഷൻ സെന്റർ സജ്ജമാണ്. ഉപഗ്രഹസംവിധാനത്തോടെ ബോട്ടുകളുടെയും കപ്പലുകളുടെയും നീക്കം മനസിലാക്കാൻ ഇവിടെ സൗകര്യമുണ്ട്. തമിഴ്നാട്, കർണാടക ബോട്ടുകളടക്കം പരിശോധിക്കുന്നുണ്ട്. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ തീരസംരക്ഷണ സേനയെ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശംനൽകി. കടലോര ജാഗ്രതാസമിതികൾ വിളിച്ചുകൂട്ടി ജാഗ്രതാനിർദ്ദേശം നൽകാൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളോട് നിർദ്ദേശിച്ചു.