തിരുവനന്തപുരം: പശ്ചിമഘട്ടത്തെ ക്വാറി മുതലാളിമാർക്ക് വിറ്റുതുലച്ചതുപോലെ മലയാള ഭാഷയെയും ഇല്ലായ്മ ചെയ്യാൻ ഭരണ സ്ഥാനങ്ങളിലുള്ളവർ വെമ്പൽ കൊള്ളുകയാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കേരള പി.എസ്.സിയുടെ മാതൃഭാഷാ അയിത്തത്തിനെതിരെ ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള സംയുക്ത സമരസമിതി പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരെയും പി.എസ്.സി ചെയർമാനെയും മെമ്പർമാരെയും മലയാളത്തെ സ്നേഹിക്കാൻ പഠിപ്പിക്കേണ്ട ഗതികേടിലാണെന്നും സുഗതകുമാരി പറഞ്ഞു. പി.എസ്.സി പരീക്ഷകളുടെ ചോദ്യക്കടലാസുകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ബ്രീട്ടീഷ് ഭരണകൂടത്തിനോടല്ല, കേരള സർക്കാരിനോടാണ് എന്നതാണ് ഏറ്റവും വലിയ ഗതികേടെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ജോർജ് ഓണക്കൂർ പറഞ്ഞു. കെ.പി. രാമനുണ്ണി, പ്രൊഫ.വി.മധുസൂദനൻ നായർ, ബി.രാജീവൻ, പിരപ്പൻകോട് മുരളി, പ്രൊഫ. വി.എൻ. മുരളി, ഡോ.പി.പവിത്രൻ, പ്രൊഫ.എ.ജി. ഒലീന, വട്ടപ്പറമ്പിൽ പീതാംബരൻ, എം.ആർ.തമ്പാൻ, വിനോദ് വൈശാഖി, ഗിരീഷ് പുലിയൂർ, ആർ.നന്ദകുമാർ, നഹാസ്, വിനോദ്, സി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ഐക്യ മലയാള പ്രസ്ഥാനം ജനറൽ സെക്രട്ടറി എൻ.പി. പ്രിയേഷ്, കാലടി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിനി രൂപിമ എന്നിവർ ആദ്യ ദിവസം നിരാഹാരമിരുന്നു. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്, എം.ജി കോളേജ്, കാലടി സർവകലാശാല, എം.ജി സർവകലാശാല തുടങ്ങിയ കാമ്പസുകളിൽ നിന്നുള്ള മലയാളം പഠിതാക്കൾ സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, മലയാള സംരക്ഷണ വേദി, മലയാള ഐക്യവേദി, എൻ.ജി.ഒ യൂണിയൻ, എഫ്.എസ്.ഇ.ടി.ഒ എന്നിവയുടെ സഹകരണത്തോടെയാണ് അനിശ്ചിതകാല സത്യാഗ്രഹം.