തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയമേഖല അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപികമാരെ പ്രസവാനുകൂല്യ നിയമത്തിന്റെ (മെറ്റേണിറ്റി ബെനിഫിറ്റ്) പരിധിയിൽ ഉൾപ്പെടുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനായി കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപികമാരെ ഈ പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെയാകെ മെറ്റേണിറ്റി ബെനിഫിറ്റിന്റെ പരിധിയിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
ഈ പരിരക്ഷ ലഭിക്കുന്നവർക്ക് ആറ് മാസം (26 ആഴ്ച ) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും.
സ്വാശ്രയ സ്ഥാപനങ്ങളിലെ ഒാഫീസ് ജീവനക്കാർക്ക് ആറുമാസത്തെ പ്രസവാവധി ലഭിക്കുമെങ്കിലും അദ്ധ്യാപികമാർക്ക് അത് കിട്ടിയിരുന്നില്ല. 1961ലെ ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ സ്ഥാപന നിയമത്തിൽ അദ്ധ്യാപികമാർ ഉൾപ്പെടാത്തതാണ് കാരണം.