നെയ്യാറ്റിൻകര : പ്രളയബാധിതർക്ക് സഹായവുമായി നെയ്യാറ്റിൻകര രൂപതയിൽ നിന്നുളള നാലാമത്തെ ലോറി വയനാട്ടിലെ ദുരിത ബാധിത മേഖലയിലേക്ക് പുറപ്പെട്ടു. രൂപതക്ക് കീഴിലെ സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങളാണ് വയനാട്ടിലേക്ക് എത്തിക്കുന്നത്. ബിഷപ്‌സ് ഹൗസിന് മുൻപിൽ ഡോ. വിൻസെന്റ് സാമുവലും വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസും ചേർന്ന് ലോറി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച അറുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ ബിഷപ് ഡോ.വിൻസെന്റ് സാമുവലിന് കൈമാറി. സ്‌കൂൾ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ.ജോയിസാബു സംസാരിച്ചു. വയനാട്ടിലെ പനമല പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ പനമല ഇടവക വികാരിയുടെയും പളളികമ്മിറ്റിയുടെയും സഹകരണത്തോടെയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്.