കഴക്കൂട്ടം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥികളെ ക്ലാസിൽ കയറി മർദ്ദിച്ച സംഭവത്തിൽ കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ അഞ്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ കാർത്തിക്, ബിനോയ്, അനന്തൻ, അനന്തു, അഭിജിത്ത് എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സസ്‌പെൻഡ് റ് ചെയ്തത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വടികളുമായി എത്തിയ വിദ്യാർത്ഥികൾ ക്ലാസിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. യൂണിയൻ പരിപാടിയിൽ പങ്കെടുക്കാത്തതിനാലാണ് മർദ്ദിച്ചതെന്ന് അടി കൊണ്ട വിദ്യാർത്ഥികൾ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മർദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തു. ഇത് സംബന്ധിച്ച് കോളേജ് അതികൃതർ കഴക്കൂട്ടം പൊലീസിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിൽ തടസമില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.