തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ, സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായുള്ള കേന്ദ്ര സർക്കാരിന്റെ പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ.
പത്ത് കോടി ജനങ്ങളെ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മാസവും എല്ലാ വില്ലേജിലും പോഷകാഹാര, ശുചിത്വ ദിനം ആചരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ നിയമസഹായവും നീതിയും ലഭിക്കാൻ എല്ലാ ജില്ലയിലും വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററുകൾ തുടങ്ങാൻ തുക അനുവദിച്ചതായും സ്മൃതി ഇറാനി പറഞ്ഞു. ഐ.എൽ.എ. മൊഡ്യൂളുകളുടെ പ്രകാശനവും സ്മൃതി ഇറാനി നിർവഹിച്ചു.
സമ്പുഷ്ടകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അംഗൻവാടികൾക്കുള്ള മൊബൈൽ വിതരണവും ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റ്വെയർ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നവജാത ശിശു തൂക്കത്തിന്റെ കാര്യത്തിൽ കേരളം തൊട്ടടുത്ത സംസ്ഥാനത്തെക്കാൾ പിന്നിലാണെന്നും ഗർഭിണികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോഷൻ അഭിയാൻ അവാർഡുകൾ കരസ്ഥമാക്കിയവരെ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന മന്ത്രി കെ.കെ.ശൈലജ ആദരിച്ചു. അംഗൻവാടി വഴി സമ്പുഷ്ടീകരിച്ച പാൽ നൽകുന്നതിന്റെയും ഫോർട്ടിഫൈഡ് ന്യൂട്രിമിക്സ് നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിച്ചു.
വി.എസ്.ശിവകുമാർ എം.എൽ.എ, യു.എൻ.ഡബ്ല്യു.എഫ്.പി. ഹെഡ് എറിസ് കെനിഫിക് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജുപ്രഭാകർ സ്വാഗതവും ഡയറക്ടർ ടി.വി.അനുപമ നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷം കാസർകോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ ആരംഭിച്ച സമ്പുഷ്ടകേരളം പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.