തിരുവനന്തപുരം: സിസ്റ്റർ അഭയ വധക്കേസിൽ പ്രതിയായ ഫാദർ തോമസ് എം. കോട്ടൂരും സുഹൃത്ത് ഫാദർ ജോസ് പൂതൃക്കയിലും കൂടി സിസ്റ്രർ അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിൽ സംഭവത്തിന്റെ തലേ ദിവസം കയറി പോകുന്നത് കണ്ടു എന്ന് കേസിലെ ഏക ദൃക് സാക്ഷിയായ രാജു എന്ന അടയ്‌ക്കാ രാജു പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി. അഞ്ചാം സാക്ഷിയാണ് രാജു. രാജുവിന് മുൻപ് വിസ്തരിച്ചിരുന്ന സിസ്റ്രർ അനുപമ, സഞ്ചു പി. മാത്യൂ എന്നിവർ നേരത്തേ കൂറുമാറിയിരുന്നു.
കോൺവെന്റിന് മുകളിലെ മിന്നൽ രക്ഷാകവചത്തിലെ ചെമ്പ് തകിട് മോഷ്ടിക്കാനാണ് താൻ പോയതെന്ന് രാജു മൊഴി നൽകി. ആ സമയം ഫാദർ തോമസ് എം. കോട്ടൂരും ഫാദർ ജോസ് പൂതൃക്കയിലും കൂടി പടിക്കെട്ട് വഴി കോൺവെന്റിലേക്ക് കയറുന്നത് കണ്ടു. അവരുടെ കൈയിൽ ടോർച്ച് ഉണ്ടായിരുന്നു. ഇതിന് മുൻപ് രണ്ട് തവണ കോൺവെന്റിലെ ചെമ്പ് തകിട് മോഷ്ടിച്ചിട്ടുണ്ട്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം താൻ കോൺവെന്റിൽ ചെന്നപ്പോൾ അവിടെ വച്ച് ഫാദർ കോട്ടൂരിനെ കണ്ടു. ഈ അച്ചനെ തലേന്ന് കണ്ടതായി അപ്പോൾ ഒാർമ്മ വന്നു. പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച് തന്നെ പിടിച്ചു കൊണ്ടു പോയി. ഡി.വെെ.എസ്.പി സാമുവൽ തന്നോട് അഭയ കൊലക്കേസിന്റെ കുറ്റം ഏറ്രെടുക്കാൻ പറഞ്ഞു. കുറ്റം ഏറ്റാൽ രണ്ട് ലക്ഷം രൂപ പണമായി നൽകാമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്നും, വീട് എന്നിവ നിർമ്മിച്ചു തരാമെന്നും വാഗ്ദാനം ചെയ്തതായും രാജു കോടതിയെ അറിയിച്ചു.
1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെയും ക്രെെം ബ്രാഞ്ചിന്റെയും നിഗമനം. സി.ബി.എെ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സി.ബി.എെ പ്രോസിക്യൂട്ടർ നവാസ് ഹാജരായി.