money

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈ​റ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആറ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ബാങ്കുകൾക്ക് കത്ത് നൽകി. പ്രധാന അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഉൾപ്പടെയുളള മൂന്ന് ബാങ്കുകൾക്കാണ് ക്രൈം ബ്രാഞ്ച് സംഘം കത്ത് നൽകിയിരിക്കുന്നത്. ആക്സിസ് ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ തൃശൂർ ശാഖയിൽ രണ്ടുവീതം അക്കൗണ്ടുകളാണുള്ളത്. ഇതിൽ ആക്സിസ് ബാങ്കിലെ അക്കൗണ്ടിൽ 3.71കോടി രൂപവരെയുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം തുകയും പലപ്പോഴായി പിൻവലിച്ചു. യുണൈ​റ്റഡ് നഴ്‌സസ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ട് വഴി വൻ തുകയുടെ ക്രമക്കേട് നടന്നെന്ന പരാതി പ്രത്യേക സംഘം രൂപീകരിച്ച് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നതിനിടയിലും അക്കൗണ്ടുകളിലൂടെ പണമിടപാടുകൾ നടക്കുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് അവ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത്.