നെടുമങ്ങാട്: തലസ്ഥാനത്തിന്റെ കുടിനീർ സംഭരണിയായ അരുവിക്കര ഡാമിൽ മാലിന്യം നിറയുന്നത് ആശങ്ക പരത്തുന്നു. നീരൊഴുക്കിൽ അടിഞ്ഞുകൂടുന്ന ചപ്പുചവറുകൾക്ക് പുറമേ അനധികൃത മാലിന്യ നിക്ഷേപവും ശുദ്ധജല സംഭരണിക്ക് വെല്ലുവിളിയാകുന്നു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം യന്ത്ര സാമഗ്രികളിൽ നിറഞ്ഞ് ഉപകരണങ്ങൾ കേടാകുന്നത് തുടർക്കഥയായി. പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം പലവട്ടം തടസപ്പെടുന്നുണ്ടെങ്കിലും അധികൃതർ പുറത്ത് പറയാറില്ല. മാസത്തിൽ രണ്ടു ദിവസമെങ്കിലും മാലിന്യ നീക്കത്തിനായി മാറ്റി വയ്ക്കുകയാണ് പതിവ്. ഈ ദിവസങ്ങളിൽ തലസ്ഥാന നഗരിയിലേക്കുള്ള പമ്പിംഗ് തടസപ്പെടാറുണ്ട്. മെഡിക്കൽ കോളേജിലും സിവിൽ സ്റ്റേഷനിലും നൽകേണ്ട വെള്ളത്തിന്റെ അളവ് കുറയ്ക്കും. സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടക്കും. ജലസംഭരണി നിറഞ്ഞു തുളുമ്പിയ നാളുകളിൽ 30 ശതമാനത്തോളം കുറവ് സംഭവിച്ചതായാണ് അധികൃതരുടെ വിശദീകരണം. ജലസംഭരണിയോട് ചേർന്നുള്ള 86 എം.എൽ.ഡി ചിത്തിരക്കുന്ന് പ്ലാന്റിലും 76 എം.എൽ.ഡി ജപ്പാൻ കുടിവെള്ള പ്ലാന്റിലുമാണ് പമ്പിംഗ് തടസം പതിവായത്. പ്ലാന്റുകളിൽ വെള്ളം കടത്തിവിടുന്ന ഇരുമ്പു വലകൾ മാലിന്യം മൂടി വെള്ളം കടക്കാത്ത അവസ്ഥയാണ്. 2 മില്ല്യൺ കിബിക് മീറ്റർ വെള്ളമാണ് അരുവിക്കര സംഭരണിയുടെ ശേഷി. പരമാവധി അഞ്ച് ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിക്കാം. ശേഷിയുടെ പകുതിയോളം എക്കലും മണ്ണും മണലും അടിഞ്ഞുകിടപ്പാണെന്ന് ജല അതോറിട്ടിക്ക് നൽകിയ റിപ്പോർട്ടിൽ ഡാം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മഴയ്ക്ക് മുമ്പ് പായൽ നീക്കം ചെയ്തിരുന്നു. എക്കലും മണലും നീക്കം ചെയ്യാനുള്ള നടപടികൾ ഇഴയുന്നതിനിടെയാണ് പേമാരിക്കൊപ്പം ജലസംഭരണയിൽ ടൺ കണക്കിന് മാലിന്യം അടിഞ്ഞു കൂടിയത്. മഴ മാറുന്നതോടെ സംഭരണി ജലക്ഷാമത്തിലേക്ക് വഴുതിമാറുമെന്നാണ് ആശങ്ക. ശുദ്ധജല വിതരണത്തിന് ആവശ്യമായ ജലം പേപ്പാറ ഡാമിൽ നിന്ന് ഒഴുക്കിക്കൊണ്ടു വരണമെന്നതാണ് സ്ഥിതി.
പട്ടാപ്പകൽ ഡാം റിസർവോയറിൽ മാലിന്യനിക്ഷേപം നടത്തിയ സംഘത്തെ കണ്ടെത്തി പൊലീസ് മാലിന്യം നീക്കം ചെയ്യിച്ചു. വട്ടിയൂർക്കാവ് സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരുവിക്കര സംഭരണിക്കു സമീപത്തെ തീരം റിസർവോയറിൽ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യം തള്ളി പുലിവാല് പിടിച്ചത്. അരുവിക്കര സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് നടപടി. കേസെടുത്ത ശേഷം മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു. എട്ടു ചാക്ക് മാലിന്യമാണ് നീക്കം ചെയ്തത്. പുറത്തു നിന്നും വാഹനങ്ങളിൽ എത്തുന്നവർ രാത്രി കാലങ്ങളിലാണ് കൂടുതലായി ഡാമിൽ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്. ഇത്തരക്കാർക്കെതിരെ പിഴ ചുമത്തുമെന്നും മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരുവിക്കര പൊലീസ് പറഞ്ഞു.