കഴക്കൂട്ടം : വിവിധ ഐ.ടി കമ്പനികൾ തമ്മിൽ മാറ്റുരച്ച 'അഖില ടെക്‌നോപാർക്ക് വടംവലി ' മത്സരത്തോടെ ടെക്‌നോപാർക്കിലെ ഓണാഘോഷത്തിന് തുടക്കമായി. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് കമ്പനികൾ തമ്മിലുള്ള വടംവലി മത്സരം സംഘടിപ്പിച്ചത്. 40 ഐ.ടി കമ്പനികളിൽ നിന്നുള്ള 40 ടീമുകളാണ് പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പങ്കെടുത്തത്. ഫൈനലിൽ യു.എസ്.ടി ഗ്ളോബൽ, ഐ.ബി.എസിനെ തോൽപ്പിച്ച് കിരീടം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം കഴക്കൂട്ടം സി.ഐ പ്രവീൺ നിർവഹിച്ചു. വരും ദിവസങ്ങൾ ടെക്‌നോപാർക്കിൽ വിവിധ കമ്പനികളുടെ അത്തപ്പൂക്കള മത്സരം, ഓണസദ്യ, തിരുവാതിര മത്സരങ്ങൾ, നാടൻ കളികൾ, മാവേലിയായി വേഷം കെട്ടൽ എന്നിങ്ങനെ വിവിധ മത്സരങ്ങളുണ്ടാകും.
ഫോട്ടോ: വടംവലി മത്സരത്തിൽ നിന്ന്