road

പാലോട്: വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് വിതുരയേയും പെരിങ്ങമ്മലയേയും കൂട്ടിയോജിപ്പിക്കുന്ന കട്ടയ്ക്കാൽ, ഞാറനീലി, തെന്നൂർ, ചെറ്റച്ചൽ റോഡിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ നിർമ്മാണം കഴഞ്ഞ് തൊഴിലാളികൾ പോയതിനുപിന്നാലെ പുതിയ റോഡും ഒലിച്ചുപോയി. കേന്ദ്രസർക്കാരിന്റെ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 4.57 കോടി ചെലവാക്കി റോഡ് നിർമ്മിച്ചത്. ഒരുമാസം കഴിയുന്നതിന് മുൻപ് തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ടാറ് ഇളകിമാറി. ഇപ്പോൾ ഈ പുതിയറോഡ് നിറയെ കുഴികളാണ്. മഴകൂടി പെയ്തതോടെ കുഴികൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കൂടാതെ തെന്നൂരിൽ നിന്നും ചെറ്റച്ചലിലേക്കുള്ള റോഡ് നിർമ്മാണം ചെറ്റച്ചൽ പാലത്തിന് സമീപം എത്തിയപ്പോൾ ഏതാണ്ട് നിലച്ചമട്ടാണ്. ഒരുകിലോ മീറ്റർ നീളത്തിൽ മെറ്റൽ പാകിയിട്ടുണ്ട്. ചെറ്റച്ചൽ പമ്പ് ഹൗസിൽ നിന്നും വെള്ളം ശുദ്ധീകരിച്ച് ലൈനിലെത്തിക്കുന്ന പ്രധാന പൈപ്പ് നാലിടങ്ങളിലായി പൊട്ടിക്കിടക്കുകയാണ്. വെള്ളം റോഡിലൂടെ ഒഴുകുന്നതാണ് ടാറിംഗ് നടത്താൻ കഴിയാത്തതിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.